പ്രവർത്തന മേഖലയിൽ പുതിയ ലക്ഷ്യവുമായി ‘സാന്ത്വനം കുവൈത്ത്’
text_fieldsകുവൈത്ത് സിറ്റി: രണ്ടു ദശകത്തിലേറെയായി സാന്ത്വന സേവനരംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്ന ‘സാന്ത്വനം കുവൈത്ത്’ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. എൻഡോസൾഫാൻ ഇരകൾക്ക് സൗജന്യ ഫിസിയോതെറപ്പി സെന്ററാണ് പുതിയ പ്രോജക്ട്.
സാന്ത്വനം കുവൈത്തിന്റെ 22ാം വാർഷിക ഭാഗമായാണ് പദ്ധതി. മുതിർന്നവർക്കും കുട്ടികൾക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ സൗജന്യസേവനവുമായാണ് സെന്റർ പ്രവർത്തനം ആരംഭിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 50 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഒരുവർഷം കൊണ്ട് പൂർത്തിയാക്കി നാടിന് സമർപ്പിക്കും. എൻമകജെ പഞ്ചായത്തിന്റെ സഹകരണത്തിലാകും സെന്റർ നടപ്പാക്കുക.
സാന്ത്വനം കുവൈത്ത് രൂവത്കൃതമായ 2001 മുതൽ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ ചേർത്തുനിർത്തി ആരോഗ്യ പദ്ധതികൾക്ക് മുൻകൈയെടുത്തിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം 1270ഓളം രോഗികൾക്കായി 90 ലക്ഷത്തോളം രൂപയുടെ ചികിത്സ സൗകര്യങ്ങൾ നടപ്പിലാക്കി. കോവിഡ് മൂലവും മറ്റും രക്ഷിതാക്കൾ മരിച്ച കുട്ടികളുടെ പഠനത്തിനായി പ്രത്യേക സാമ്പത്തികസഹായ പദ്ധതി നടപ്പിലാക്കി. കുവൈത്തിലെ മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് ജീവകാരുണ്യ രംഗത്തെ ഇടപെടലിന് സഹായകമാകുന്നതെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് രമേശ്, സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ വ്യക്തമാക്കി. ഫെബ്രുവരി മൂന്നിന് അബ്ബാസിയയിൽ 22ാം വാർഷിക പൊതുയോഗം വിപുലമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.