സൗദി വിദേശകാര്യ മന്ത്രി കുവൈത്തിൽ; ഉന്നത നേതൃത്വവുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, പ്രതിനിധി സംഘം എന്നിവരുമായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ ആശംസകളും അഭിനന്ദനങ്ങളും വിദേശകാര്യ മന്ത്രി അമീറിനെ അറിയിച്ചു. കുവൈത്ത് അമീറിന് ആയുരാരോഗ്യവും രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും ആശംസിച്ചു. സൽമാൻ രാജാവിനും കിരീടാവകാശിക്കും കുവൈത്ത് അമീർ ആയുരാരോഗ്യവും സൗദിയിലെ ജനങ്ങൾക്ക് കൂടുതൽ വികസനവും അഭിവൃദ്ധിയും നേർന്നു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരുമായും സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ കൂടിക്കാഴച നടത്തി. മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഫൈസൽ ബിൻ ഫർഹാനെ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ സ്വീകരിച്ചു. കുവൈത്ത്-സൗദി കോഓഡിനേഷൻ കൗൺസിൽ രണ്ടാം യോഗം സന്ദർശനത്തിലെ മുഖ്യ അജണ്ടയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.