തട്ടിപ്പുകൾ പല രൂപത്തിൽ; ഡിജിറ്റൽ ഇടപാടുകളിൽ സൂക്ഷ്മത വേണം
text_fieldsകുവൈത്ത് സിറ്റി: വിശ്വസനീയ രൂപത്തിൽ സന്ദേശം അയച്ചും ഫോൺ വിളിച്ചും പണം കൈക്കലാക്കാൻ പല രൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ വലവിരിക്കുന്നത്.
ഔദ്യോഗിക മന്ത്രാലയങ്ങൾ, മൊബൈൽ കമ്പനികൾ, ബാങ്കുകൾ എന്നിവയുടെ പേരിലാണ് പലപ്പോഴും കാൾ എത്തുക. വ്യക്തിവിവരങ്ങളുടെ അപ്ഡേഷൻ, വിവിധ നിയമലംഘനങ്ങൾ, ഗതാഗത നിയമലംഘന പിഴ, വാക്സിനേഷൻ എന്നീ വിവരങ്ങൾ ചൂണ്ടിക്കാട്ടി വിവിധ ലിങ്കുകൾ അയക്കുകയും ഒ.ടി.പി കരസ്ഥമാക്കി പണം തട്ടുകയുമാണ് രീതി.
ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നത്. അടുത്തിടെ മലപ്പുറം ജില്ലക്കാരനായ പ്രവാസിയെ ബാങ്ക് ലോട്ടറി അടിച്ചെന്ന് പറഞ്ഞാണ് പറ്റിച്ചത്. പെട്ടെന്നുള്ള സന്തോഷത്തിൽ എ.ടി.എം നമ്പറും മറ്റും പറഞ്ഞുകൊടുത്തു. വൈകാതെ അക്കൗണ്ടിലുണ്ടായിരുന്ന 120 ദീനാർ നഷ്ടപ്പെട്ടു.
തട്ടിപ്പുകൾക്കെതിരെ നിരന്തരം അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ജനങ്ങൾ വീണ്ടും തട്ടിപ്പുകളിൽ വീഴുന്നത് തുടരുകയാണ്. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സ്പയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് അപകടങ്ങൾ വിളിച്ചുവരുത്തും. ആകർഷകമായ ഓഫറുകളിൽ ജനങ്ങൾ വീണുപോകുന്നതും തട്ടിപ്പുകാർക്ക് ഗുണമാകുന്നു. മൊബൈൽ ഫോൺ വിളിച്ചും വാട്സ്ആപ് സന്ദേശങ്ങൾ വഴിയും ലഭിക്കുന്ന വ്യാജ പേമെന്റ് ലിങ്കുകളോട് ഒരിക്കലും പ്രതികരിക്കരുത്.
സംശയാസ്പദമായ രീതിയിലുള്ള ഫോൺ കാളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവർ പൊലീസിന് വിവരം കൈമാറുകയാണ് തട്ടിപ്പിൽ വീഴാതിരിക്കാനും പ്രതികളെ കണ്ടെത്താനും നല്ല മാർഗം.
രക്ഷപ്പെട്ടത് തലനാരിഴക്ക്
കുവൈത്ത് സിറ്റി: കമ്പ്യൂട്ടറിൽ സന്ദേശമായി വന്ന തട്ടിപ്പ് ശ്രമത്തിൽനിന്ന് മാറഞ്ചേരി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴക്ക്. ആ അനുഭവം ഇങ്ങനെ. രണ്ടു മാസംമുമ്പ് ഓഫിസിലെ കമ്പ്യൂട്ടറിൽ പെട്ടെന്ന് ഒരു സന്ദേശം എത്തി. ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റാണ് കാണിച്ചത്. ഇംഗ്ലീഷിലുള്ള എഴുത്ത് ഇങ്ങനെയായിരുന്നു. ‘നിങ്ങൾ കുവൈത്ത് സർക്കാർ നിരോധിച്ച സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ട്. അത് നിയമവിരുദ്ധമാണ്. താങ്കളുടെ പേരിൽ 150 ദീനാർ പിഴ ചുമത്തിയിട്ടുണ്ട്. അത് താഴെയുള്ള ലിങ്ക് വഴി അടക്കുക. അല്ലെങ്കിൽ പൊലീസ് നിങ്ങളുടെ വീട്ടിലേക്ക് വന്നു ഏതു സമയവും അറസ്റ്റ് ചെയ്യും.’
കമ്പ്യൂട്ടറിൽ ബാക്ക് അടിക്കാൻ നോക്കിയിട്ട് നീങ്ങുന്നില്ല. സൈറ്റ് അറബിക് വേർഷൻ ഉണ്ടോ എന്നു നോക്കിയപ്പോൾ അത് കാണുന്നില്ല. എന്താണെന്ന് അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കി. കാർഡ് ഡീറ്റെയിൽസ് നൽകിയപ്പോൾ ഒ.ടി.പി അതിൽ അയക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അപകടം തിരിച്ചറിഞ്ഞു.
ഉടൻ കമ്പ്യൂട്ടർ ഷട്ട്ഡൗൺ ചെയ്തു. വീണ്ടും ഓണാക്കിയപ്പോൾ പഴയപോലെ ആകുകയും സന്ദേശം അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. പെട്ടെന്ന് ആരും വിശ്വസിച്ചുപോകുന്ന അവസ്ഥയിലാണ് സന്ദേശം വന്നത്. തട്ടിപ്പുശ്രമം തിരിച്ചറിഞ്ഞതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.