ഷെങ്കൻ വിസ; യൂറോപ്യൻ യൂനിയൻ-കുവൈത്ത് സഹകരണം വർധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാവുന്ന ഷെങ്കൻ വിസ അനുവദിച്ചത് മികച്ച ചുവടുവെപ്പാണെന്നും പരസ്പര സഹകരണത്തിനും ധാരണക്കും ഇത് കാരണമാകുമെന്നും യൂറോപ്യൻ പാർലമെന്റിന്റെ പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തരകാര്യ കമ്മിറ്റി അധ്യക്ഷൻ ജുവാൻ ഫെർണാണ്ടോ ലോപ്പസ് അഗ്വിലാർ പറഞ്ഞു.
ടൂറിസം രംഗത്ത് മാത്രമല്ല ബിസിനസ്, അക്കാദമിക് രംഗത്തും വിജ്ഞാന മേഖലകളിലും പരസ്പര സഹകരണത്തിനും ധാരണക്കും ഇത് സഹായിക്കും. കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി യാത്രചെയ്യാനുള്ള വോട്ടെടുപ്പിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ സഹകരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുന്നു. വിഷയത്തിൽ ഗൗരവ ചർച്ച നടത്തിയാണ് യൂറോപ്യൻ പാർലമെന്റ് കമ്മിറ്റി കുവൈത്ത് പൗരന്മാർക്ക് ഷെങ്കൻ വിസയുടെ കാര്യത്തിൽ അംഗീകാരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വിസ ഇളവ് കുവൈത്ത് പൗരന്മാർക്ക് മാത്രമല്ല, കുവൈത്തിലേക്ക് യാത്രചെയ്യുന്ന യൂറോപ്യൻ പൗരന്മാർക്കും നേട്ടമാണ്. വിസ ആവശ്യകത ഒഴിവാക്കുന്നതിന് യൂറോപ്യൻ കമീഷൻ മുൻകൈ എടുത്തിട്ടുണ്ടെന്നും ഒമാൻ, എക്വഡോർ എന്നിവയെകൂടി പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ വധശിക്ഷയുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് വധശിക്ഷക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് ഭേദഗതി വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. 27 യൂറോപ്യൻ യൂനിയൻ ഗവൺമെന്റുകളെ പ്രതിനിധാനംചെയ്യുന്ന യൂറോപ്യൻ യൂനിയൻ കൗൺസിൽ അംഗീകാരമാണ് അടുത്ത നടപടി. ഞങ്ങൾ ജോലിയുടെ ഒരു ഭാഗം ചെയ്തു. കൗൺസിൽ അതിന്റെ ഭാഗം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിന് ഷെങ്കൻ വിസ അനുവദിക്കുന്ന കാര്യത്തിൽ യൂറോപ്യൻ പാർലമെന്റിന്റെ പൗരസ്വാതന്ത്ര്യം, നീതിന്യായം, ആഭ്യന്തരകാര്യങ്ങൾ എന്നിവ സംബന്ധിച്ച കമ്മിറ്റി വ്യാഴാഴ്ച അനുകൂലമായി വോട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.