കുവൈത്ത് പൗരന്മാര്ക്ക് ഇനി ഷെങ്കന്‍ വിസ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്ക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കന്‍ വിസ നല്കാൻ ഒരുങ്ങി യൂറോപ്യൻ യൂനിയന്‍. നേരത്തേ ഇതു സംബന്ധമായ ചര്‍ച്ചകള്‍ യൂറോപ്യൻ പാർലമെന്റില്‍ നടന്നിരുന്നുവെങ്കിലും കൂടുതൽ ചർച്ചകൾക്കായി നിർദേശം തിരികെ അയക്കുകയായിരുന്നു. തുടര്‍ന്ന് കുവൈത്ത് അധികൃതരും യുറോപ്യന്‍ യൂനിയനും തമ്മില്‍ നടന്ന ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായാണ് കുവൈത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്.
ഇതോടെ കുവൈത്തില്‍നിന്ന് ഷെങ്കൻ വിസക്ക് അപേക്ഷിക്കുന്ന കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷത്തേക്ക് സാധുതയുള്ള മൾട്ടി എൻട്രി വിസകൾ നൽകുമെന്ന് അധികൃതര്‍ അറിയിച്ചു. ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി കുവൈത്ത് പൗരന്മാർക്ക് സഞ്ചരിക്കാൻ കഴിയും.
യൂറോപ്യൻ യൂനിയന്റെ സുപ്രധാന പങ്കാളിയാണ് കുവൈത്ത്. ഈ തീരുമാനത്തിലൂടെ ഗൾഫുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വർധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. 2022 ഡിസംബർ ഒന്നിന്, പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള യൂറോപ്യൻ യൂനിയൻ കമ്മിറ്റി, കുവൈത്ത് പൗരന്മാർക്കുള്ള ഷെങ്കൻ വിസ ആവശ്യകത എടുത്തുകളയുന്നതിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
കമ്മിറ്റിയിൽ 42 പേർ അനുകൂലമായും 16 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തിയാണ് അംഗീകാരം നൽകിയത്. എന്നാൽ, കുവൈത്തിനെ ഷെങ്കൻ വിസയിൽനിന്ന് ഒഴിവാക്കുന്ന ഫയൽ പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് തിരിച്ചയക്കാൻ യൂറോപ്യൻ പാർലമെന്റ് തീരുമാനമെടുത്തു.
സ്ട്രാസ്ബർഗിൽ നടന്ന പ്ലീനറി സെഷന്റെ ഉദ്ഘാടന വേളയിൽ വിസ സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമനിർമാണ നിർദേശം കൂടുതൽ ചർച്ചകൾക്കായി തിരികെ അയക്കാൻ തീരുമാനിക്കുകയായിരുന്നു. പാർലമെന്റ് നടപടിക്രമങ്ങളിലെ റൂൾ 198 അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തത്. വിഷയത്തിൽ കുവൈത്തും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.