ഷെങ്കൻ വിസ; ഇടങ്കോലിട്ട് യൂറോപ്യൻ പാർലമെന്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിനെ ഷെങ്കൻ വിസയിൽനിന്ന് ഒഴിവാക്കുന്ന ഫയൽ പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് തിരിച്ചയക്കാൻ യൂറോപ്യൻ പാർലമെന്റ് തീരുമാനം. സ്ട്രാസ്ബർഗിൽ നടന്ന പ്ലീനറി സെഷന്റെ ഉദ്ഘാടന വേളയിൽ വിസ സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമനിർമാണ നിർദേശം കൂടുതൽ ചർച്ചകൾക്കായി തിരികെ അയക്കാൻ തീരുമാനിക്കുകയായിരുന്നു. പാർലമെന്റ് നടപടിക്രമങ്ങളിലെ റൂൾ 198 അടിസ്ഥാനമാക്കിയാണ് തീരുമാനം.
രാഷ്ട്രീയ ഗ്രൂപ്പുകളുടെ സമ്മതത്തോടെ ഫയൽ തിരിച്ചയക്കാൻ തീരുമാനിച്ചതായി ഫയലിലെ റിപ്പോർട്ടർ എറിക് മാർക്വാർഡ് പാർലമെന്റിനെ അറിയിച്ചു. വിഷയത്തിൽ സ്വാധീനവും അഴിമതിയും ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഫയൽ തിരികെയയക്കാൻ തീരുമാനമായതായി യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോളയും വ്യക്തമാക്കി.
ഡിസംബർ ഒന്നിന്, പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള യൂറോപ്യൻ യൂനിയൻ കമ്മിറ്റി കുവൈത്ത് പൗരന്മാർക്കുള്ള ഷെങ്കൻ വിസ ആവശ്യകത എടുത്തുകളയുന്നതിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. കമ്മിറ്റിയിൽ 42 അനുകൂലവും 16 എതിരായും വോട്ട് രേഖപ്പെടുത്തിയാണ് അംഗീകാരം നൽകിയത്. വിഷയം വീണ്ടും ഇതേ കമ്മിറ്റിക്കുമുമ്പാകെ എത്തുന്നതോടെ കൂടുതൽ ചർച്ചകളും എതിർവാദങ്ങളും ഉയർന്നേക്കുമെന്നാണ് സൂചന.
കുവൈത്തിൽ വധശിക്ഷ നടപ്പാക്കുന്നതും വീണ്ടും ചർച്ചയാകും. വധശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ വിസ സ്വാതന്ത്ര്യം നടപ്പാക്കുന്നതിനുമുമ്പ് നിലവിൽ വരുത്തണമെന്നുമുള്ള നിർദേശത്തോടെയാണ് നേരത്തെ കമ്മിറ്റി അംഗീകാരം നൽകിയതും പ്ലീനറി സെഷനിലേക്ക് വിട്ടതും.
ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി കുവൈത്ത് പൗരന്മാർക്ക് സഞ്ചരിക്കാൻ കഴിയും. കുവൈത്തിനു ഇത് അനുവദിക്കുന്നത് ഏറെക്കാലത്തെ ചർച്ചയാണ്. ഇതിന്റെ നടപടികളുമായി യൂറോപ്യൻ പാർലമെന്റ് മുന്നോട്ടുപോകുന്നതിനിടെ കുവൈത്തിൽ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കിയത് വിഷയത്തിൽ പുതിയ ചർച്ചകൾക്ക് കാരണമായി. വധശിക്ഷക്കെതിരെ യൂറോപ്യൻ യൂനിയനും യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റും രംഗത്തെത്തി. ഇതിനുപിറകെ നവംബർ 17ന് യൂറോപ്യൻ പാർലമെന്റ് വോട്ടെടുപ്പ് മാറ്റിവെക്കുകയുമുണ്ടായി.
എന്നാൽ, ഇതിനെതിരെ കുവൈത്ത് ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ വേണ്ടന്ന മുന്നറിയിപ്പുമായി കുവൈത്ത് രംഗത്തെത്തി. കുവൈത്തിനെതിരായ പ്രസ്താവനകളെ അറബ് പാർലമെന്റും തള്ളി. ഇതോടെയാണ് ഡിസംബർ ഒന്നിന് പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള യൂറോപ്യൻ യൂനിയൻ കമ്മിറ്റി വിഷയത്തിൽ കുവൈത്തിന് അനുകൂല തീരുമാനം കൈക്കൊണ്ടത്. കുവൈത്തിന്റെ കൂടെ ഖത്തർ, ഒമാൻ, എക്വഡോർ എന്നിവിടങ്ങളിലേക്കുള്ള വിസ ഇളവുകളും യൂറോപ്യൻ പാർലമെന്റ് പരിഗണിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.