സ്കൂൾ തുറക്കൽ: ശുചീകരണ യജ്ഞം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളുകളിൽ ശുചീകരണ യജ്ഞം തുടങ്ങി.
കഴിഞ്ഞ ദിവസം ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ 150 വനിത തൊഴിലാളികൾ പങ്കെടുത്തു.
സാൽവയിലെ അബ്ദുല്ല ഇബ്നു കത്തീർ പ്രൈമറി സ്കൂൾ, സാദ് അൽ ഔസി ഇൻറർമീഡിയറ്റ് സ്കൂൾ ഫോർ ബോയ്സ് എന്നിവയുടെ ഇടനാഴികളിൽ അടിഞ്ഞുകൂടിയ പൊടി വൃത്തിയാക്കിക്കൊണ്ടാണ് പ്രചാരണം ആരംഭിച്ചത്.
രാജ്യത്തെ ബാധിച്ച പൊടിക്കാറ്റിന്റെ ഫലമായി പല സ്കൂളുകളിലും സമഗ്ര ശുചീകരണം ആവശ്യമാണെന്ന് വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.
സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ മന്ത്രാലയ ഉദ്യോഗസ്ഥർ ഊർജിതമാക്കിയതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി സ്കൂളുകളിൽ സമഗ്ര അറ്റകുറ്റപ്പണികളും നവീകരണവും വേണ്ടതുണ്ട്. വേലികൾ, ടോയ്ലറ്റുകൾ, മലിനജലപ്രശനം, ജല വിതരണം എന്നിവയുടെ നവീകരണവും പെയിന്റിങ്ങും അനിവാര്യമാണ്.
എയർ കണ്ടീഷനിങ്, അഗ്നി പ്രതിരോധ സംവിധാനങ്ങൾ, കളിസ്ഥലങ്ങൾ എന്നിവയുടെ പരിപാലനം, നടപ്പാതകളുടെ അറ്റകുറ്റപ്പണി, വൈദ്യുതി അറ്റകുറ്റപ്പണികൾ എന്നിവയും തീർക്കേണ്ടതുണ്ട്.
അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നേ ശുചീകരണം പൂർത്തിയാക്കാനാണ് ശ്രമം. അതുവരെ എല്ലാ ദിവസവും സ്കൂളുകളിൽ ശുചീകരണ കാമ്പയിൻ തുടരും.
ഈ മാസം അവസാന വാരവും അടുത്തമാസം ആദ്യത്തിലുമായി സ്കൂളുകൾ തുറക്കും.
കുവൈത്തിൽ പഠിക്കുന്ന പ്രവാസി വിദ്യാർഥികളും അധ്യാപകരും സ്കൂൾ അനുബന്ധ ജീവനക്കാരും തിരിച്ചെത്തിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.