സ്കൂളുകൾ തുറന്നു; റോഡുകളില്‍ ഗതാഗതക്കുരുക്ക്
text_fieldsകുവൈത്ത് സിറ്റി: അവധി കഴിഞ്ഞ് സർക്കാർ, സ്വകാര്യ മിഡിൽ, സെക്കൻഡറി സ്കൂളുകൾ തുറന്നതോടെ നിരത്തിൽ ഗതാഗതക്കുരുക്ക് ഏറി. രാജ്യത്തെ മിക്ക സ്കൂളുകൾക്ക് സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വിപുല ക്രമീകരണം ഒരുക്കി. എങ്കിലും പ്രധാന നിരത്തുകളിലും സ്കൂൾ പരിസരങ്ങളിലും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
സ്കൂൾ തുടങ്ങുന്നതിനു തൊട്ടുമുമ്പും വിടുന്ന സമയത്തും കൂടുതൽ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതാണ് കാരണം. സർക്കാർ, സ്വകാര്യ സ്കൂളുകളിലെ മിഡിൽ, സെക്കൻഡറി വിഭാഗങ്ങളിലായി അഞ്ചര ലക്ഷം വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം സ്കൂളില്‍ എത്തിയത്. ഇത്രയും കുട്ടികൾക്കായുള്ള സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഒരേസമയം നിരത്തിലെത്തും. സർക്കാർ ഓഫിസുകളും സ്കൂളുകളും തുടങ്ങുന്നതും ഒരേ സമയത്തായതിനാൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുടെ വാഹനങ്ങളും നിരത്തിലുണ്ടാകും.
അതിനിടെ, തിരക്ക് കുറക്കുന്നതിനായി വിവിധ തയാറെടുപ്പുകൾ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ പ്രധാന റോഡുകളും കാമറകൾ വഴി കൺട്രോൾ റൂമിൽനിന്ന് നിരീക്ഷിക്കും. അപകടമോ റോഡ് ബ്ലോക്കോ ഉണ്ടായാൽ വിവരം ട്രാഫിക് പട്രോളിങ് വിഭാഗത്തിന് കൈമാറി ഉടൻ പരിഹാരത്തിന് ശ്രമിക്കും. നേരത്തേ, ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിവിൽ സർവിസ് കമീഷൻ നിരവധി നിർദേശം മുന്നോട്ടുവെച്ചിരുന്നു. സർക്കാർ, പൊതു സ്ഥാപനങ്ങളിലെ ജോലിസമയം പുനർനിർണയിക്കുന്നത് അടക്കമുള്ള നിർദേശം ഇതിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.