സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. വിവിധ മേഖലകളിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ പങ്കെടുത്തു.
ബഹ്റൈനുമായുള്ള സംയുക്ത സുരക്ഷാകരാറിന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിനെ മന്ത്രി അഭിനന്ദിച്ചു. രാജ്യത്ത് നിയമപരമല്ലാതെ തങ്ങുന്നവരെയും വിവിധ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും നടത്തുന്നവരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള പരിശോധന കാമ്പയിനുകൾ തുടരേണ്ടതിന്റെ ആവശ്യകത യോഗം മുന്നോട്ടുവെച്ചു.
സുരക്ഷാപദ്ധതികൾ നടപ്പാക്കൽ, സുരക്ഷാ ഉദ്യോഗസഥരുടെ സാന്നിധ്യം എല്ലായിടത്തും ഉറപ്പാക്കൽ, നിയമം ബാധകമാക്കൽ എന്നിവയിൽ ശ്രദ്ധനൽകും. സുരക്ഷ മേഖലകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും പൊതുജനങ്ങളുമായി ഇടപഴകുന്നതിൽ ക്ഷമയും തുറന്ന മനസ്സും പുലർത്താനും കൂടുതൽ പരിശ്രമവും പ്രവർത്തനവും നടത്താനും യോഗത്തിൽ ശൈഖ് തലാൽ ഉണർത്തി. അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ നിലവിലുള്ളതും നടപ്പാക്കുന്നതുമായ വർക്ക് പ്ലാനുകളും സാങ്കേതിക ആപ്ലിക്കേഷനുകളിലെ വികസനത്തിന്റെ ഘട്ടങ്ങളും അവലോകനം ചെയ്തു. സുരക്ഷാസംവിധാനം നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടർച്ചക്ക് ഊന്നൽ നൽകുമെന്നും അറിയിച്ചു.
എല്ല പ്രശ്നങ്ങൾക്കും അടിയന്തര പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും പൗരന്മാർക്കും താമസക്കാർക്കും അവരുടെ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് സൗകര്യമൊരുക്കേണ്ടതിന്റെ അനിവാര്യതയും ശൈഖ് തലാൽ യോഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.