സുരക്ഷാ പരിശോധന വലയത്തിൽ രാജ്യം
text_fieldsകുവൈത്ത് സിറ്റി: നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് അവസാനിച്ചതോടെ രാജ്യത്ത് സുരക്ഷ പരിശോധന അധികൃതർ ശക്തമാക്കി. താമസ നിയമ ലംഘകർക്കെതിരെ നടപടിയെടുക്കാൻ തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ നടന്നു. പലയിടങ്ങളിൽ നിന്നായി നിരവധി അനധികൃത താമസക്കാരെ അറസ്റ്റു ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇതുസംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ട്.
ആഭ്യന്തര അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹ് നേരിട്ട് പരിശോധനകൾക്ക് നേതൃത്വം നൽകി. മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടി. ഇതിനകം താമസ നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും അവസരം നൽകിയിരുന്നു. ഇത്തരക്കാർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും അനുവദിച്ചിരുന്നു.
അനുവദിച്ച കാലയളവ് അവസാനിച്ചതോടെയാണ് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പരിശോധനകൾ പുനരാരംഭിച്ചത്. വാഹനങ്ങളിൽ അടക്കം തിങ്കളാഴ്ച ശക്തമായ പരിശോധനകൾ നടന്നു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിയമലംഘകരെ കണ്ടെത്തി ഡിപോർട്ടേഷൻ സെന്ററുകളിലേക്ക് മാറ്റും. തുടർന്ന് ഇവരെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കും. ഇത്തരത്തില് നാട്ടിലേക്ക് അയക്കുന്നവർക്ക് പിന്നീട് കുവൈത്തിൽ പ്രവേശിക്കാനാകില്ല.
നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും.രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധന കാമ്പയിനുകൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമലംഘനങ്ങൾ എമർജൻസി ഫോൺ നമ്പറിൽ (112) അറിയിക്കാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.