സുരക്ഷ പരിശോധന തുടരുന്നു; ഫഹാഹീലിൽ 13 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: നിയമലംഘകരെ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം സുരക്ഷ പരിശോധന തുടരുന്നു. ശനിയാഴ്ച അഹമ്മദി ഗവർണറേറ്റിലെ ഫഹാഹീലിൽ ശക്തമായ പരിശോധന നടന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
നേരത്തേയും ഉപപ്രധാനമന്ത്രി പലയിടങ്ങളിലും നേരിട്ട് പരിശോധനക്ക് നേതൃത്വം നൽകിയിരുന്നു.ഫഹാഹീലിൽ നടന്ന പരിശോധനയിൽ 2,220 വിവിധ ട്രാഫിക് നിയമലംഘനങ്ങളും മൂന്ന് മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. 13 നിയമലംഘകരെ അറസ്റ്റ് ചെയ്തു. 16 കാറുകളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. അസാധാരണമായ അവസ്ഥയിൽ രണ്ടുപേരെ പിടികൂടി.
ദിവസങ്ങളായി രാജ്യത്തുടനീളം ശക്തമായ പരിശോധന നടന്നുവരുകയാണ്. വെള്ളിയാഴ്ച മുബാറക് അൽ കബീറിൽ വിപുലമായ സുരക്ഷ കാമ്പയിൻ നടത്തി. വിവിധ നിയമലംഘകരെ പരിശോധനയിൽ പിടികൂടി.
വ്യാഴാഴ്ച ആറ് ഗവർണറേറ്റുകളിലും വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു.രാജ്യത്തിന്റെ സുരക്ഷ, നിയമലംഘകരെ പിടികൂടൽ, ക്രമസമാധാനം ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതർ അറിയിച്ചു. നിയമ ലംഘനങ്ങൾ പൊലീസിനെ അറിയിക്കാനും ഉദ്യോഗസ്ഥരോട് സഹകരിക്കാനും പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.