സുരക്ഷാക്രമീകരണങ്ങൾ ശക്തം; പുതുവർഷ അവധി അതിരുവിടേണ്ട
text_fieldsകുവൈത്ത് സിറ്റി: പുതുവത്സര അവധിക്കാലത്ത് രാജ്യത്ത് സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കും. ക്രമസമാധാനം നിലനിർത്തുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ആഭ്യന്തര മന്ത്രാലയം സമഗ്രമായ പദ്ധതി ആവിഷ്കരിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് ഇതു സംബന്ധിച്ച് കർശന നിർദേശം നൽകിയിരുന്നു.
ശക്തമായ പട്രോളിങ്ങും സുരക്ഷാസേനയുടെ സാന്നിധ്യവും രണ്ടു ദിവസങ്ങളിലും രാജ്യത്ത് ഉടനീളം ഉണ്ടാകും. നിയമ ലംഘകരെ കർശനമായി നേരിടും. ഇതിനായി 310 സുരക്ഷാ പട്രോളിങ്ങുകളിലായി ഏകദേശം 1,950 ഉദ്യോഗസ്ഥരെ സജ്ജമാക്കി. വാണിജ്യ സമുച്ചയങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ, മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഉണ്ടാകും. കുവൈത്ത് മുനിസിപ്പാലിറ്റി, മെഡിക്കൽ എമർജൻസി സർവിസുകൾ എന്നിവയുടെ ഏകോപനത്തിലാണ് സുരക്ഷാ വിന്യാസങ്ങൾ. പ്രധാന ഹൈവേകൾ, നിരത്തുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും പൊലീസ് സാന്നിധ്യം ഉണ്ടാകും. നിയമലംഘകരെ നേരിടാൻ കർശനമായ സംവിധാനങ്ങളോടെയാകും പട്രോളിങ് സംഘം.
നാടുകടത്തലും തടവും പോലുള്ള ശിക്ഷകൾ ഒഴിവാക്കുന്നതിന് ജനങ്ങളോട് നിയമങ്ങളും നിർദേശങ്ങളും മാനിക്കാൻ പൊതു സുരക്ഷാ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റജൈബ് ആവശ്യപ്പെട്ടു.
ഇന്നും നാളെയും അവധി
കുവൈത്ത് സിറ്റി: പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് പൊതു അവധി. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ സഥാപനങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ഞായറാഴ്ച വിശ്രമദിനമായും ജനുവരി ഒന്ന് തിങ്കളാഴ്ച ഔദ്യോഗിക അവധിയായും സിവിൽ സർവിസ് കമീഷൻ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും ഇതിന് തൊട്ടു വന്നതിനാൽ നാലു ദിവസം തുടർച്ചയായി അവധി ലഭിച്ച ആശ്വാസത്തിലാണ് ജീവനക്കാർ. ജനുവരി രണ്ടിന് ചൊവ്വാഴ്ചയാണ് സ്ഥാപനങ്ങൾ പുനരാരംഭിക്കുക. എന്നാൽ, അടിയന്തര സ്വഭാവമുള്ളതും പ്രത്യേക സ്വഭാവമുള്ളതുമായ സഥാപനങ്ങൾ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.