സുരക്ഷ ഉദ്യോഗസ്ഥർക്ക് സ്റ്റൺ ഗണ്ണും കുരുമുളക് സ്പ്രേയും നൽകും
text_fieldsകുവൈത്ത് സിറ്റി: ആക്രമികളെ നേരിടാനായി കുവൈത്തിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് സ്റ്റൺ ഗണ്ണും കുരുമുളക് സ്പ്രേയും നൽകും. സ്റ്റൺ ഗൺ ഉപയോഗിച്ച് ഷോക്കടിപ്പിക്കുന്നതിലൂടെ ആക്രമികളെ കീഴ്പ്പെടുത്താമെന്നും അതേസമയം, ജീവഹാനി ഉൾപ്പെടെ ഒഴിവാക്കാനാകുമെന്നുമുള്ള വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നീക്കം. അറസ്റ്റിനു കീഴ്പ്പെടാതിരിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ വഴികൾ തേടുന്നത്.
അന്താരാഷ്ട്ര നിലവാരത്തിൽ ഇത്തരം ആയുധങ്ങൾ ലഭ്യമാക്കാൻ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിക്കും. ഇവയുടെ ഉപയോഗം സംബന്ധിച്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിശീലന കോഴ്സ് സംഘടിപ്പിക്കും.
വൈകാതെതന്നെ പൊലീസ് പട്രോൾ ടീമിന് സ്റ്റൺ ഗണ്ണും കുരുമുളക് സ്പ്രേയും ലഭ്യമാകുമെന്നാണ് കരുതുന്നത്. സർവിസ് റിവോൾവർ ഉദ്യോഗസ്ഥരുടെ പക്കൽ ഉണ്ടാകും. വളരെ അനിവാര്യ ഘട്ടത്തിൽ മാത്രം ഇത് ഉപയോഗിക്കാനാണ് താരതമ്യേന അപകടം കുറഞ്ഞ ആയുധങ്ങൾ ലഭ്യമാക്കുന്നത്.
സർവിസ് റിവോൾവർ ഉപയോഗിച്ചാലുള്ള നിയമപ്രശ്നങ്ങൾ ഒഴിവാകുന്നത് ഉദ്യോഗസ്ഥർക്കും ആശ്വാസമാണ്. കുവൈത്തിൽ സമീപ കാലത്ത് പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കുത്തേറ്റുമരിച്ചത് ജൂൺ 28നാണ്.
തുടർന്ന് ആക്രമികളിൽനിന്ന് സ്വയംരക്ഷക്കായി തോക്ക് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് പൊലീസുകാർക്ക് നിർദേശം നൽകി. ഇതു ദൂരവ്യാപകമായ പ്രത്യാഘാതത്തിന് വഴിവെക്കും എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് മന്ത്രാലയംതന്നെ പുതുവഴികൾ ആലോചിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.