ഏഴു അധ്യായങ്ങൾ 37 ചട്ടങ്ങൾ: കുവൈത്ത് താമസ നിയമത്തിന് അന്തിമ രൂപം
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസ നിയമത്തിന് സർക്കാർ അന്തിമ രൂപം നൽകി. ഭേദഗതികളോടെ തയാറാക്കിയ കരട് നിർദേശം അടുത്തമാസം ചേരുന്ന ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കുമെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
നിയമത്തിന് അംഗീകാരം ലഭിച്ച് പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് ഒരു വർഷത്തിലേറെയായി നിർത്തിവെച്ച കുടുംബ സന്ദർശക വിസ, കുടുംബ വിസ എന്നിവ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ താമസ നിയമത്തിൽ ഏഴ് അധ്യായങ്ങളിലായി 37 ചട്ടങ്ങൾ ഉൾപ്പെടുന്നു. റെസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസക്കും പുതിയ ഫീസ് നിരക്ക് വന്നേക്കും. മന്ത്രിതല തീരുമാന പ്രകാരമായിരിക്കും ഇത് നിർണയിക്കുക. വിസ നിയമം ലംഘിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും 5,000 മുതൽ 10,000 ദീനാർ വരെ പിഴയും ചുമത്തും.
വിദേശികൾക്ക് മൂന്നു മാസത്തെ താൽക്കാലിക താമസം അനുവദിക്കുന്നതും ഒരു വർഷം വരെ ഇതു നീട്ടാമെന്നതും നിർദേശത്തിലുണ്ട്. വിദേശികൾക്ക് അഞ്ചു വർഷവും കുവൈത്തിലെ സ്ത്രീകളുടെയും റിയൽ എസ്റ്റേറ്റ് ഉടമകളുടെയും കുട്ടികൾക്ക് 10 വർഷവും നിക്ഷേപകർക്ക് 15 വർഷത്തേക്കും റെസിഡൻസി പെർമിറ്റ് നൽകാമെന്നും നിർദേശത്തിൽ പറയുന്നു. വിദേശികളെ വിവാഹം കഴിച്ച കുവൈത്ത് സ്ത്രീകൾക്ക് ഭർത്താവിനെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള അവകാശവും ഉണ്ട്.
ഗാർഹിക കരാർ കാലയളവിൽ സ്ഥിരമായ റെസിഡൻസി പെർമിറ്റുകൾ അനുവദിക്കും. ജോലി ഉപേക്ഷിച്ച് പെർമിറ്റ് റദ്ദാക്കിയാൽ പുതിയ താമസരേഖ ലഭിക്കാത്തപക്ഷം നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടണം. ഗാർഹിക സഹായിയുടെ പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിന് തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്തു കഴിയാവുന്ന ദിവസങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാകും.
പൊതുതാൽപര്യം, പൊതുസുരക്ഷ, പൊതു ധാർമികത അല്ലെങ്കിൽ നിയമപരമായ വരുമാനത്തിന്റെ അഭാവം എന്നിവ ചൂണ്ടിക്കാട്ടി വിദേശികളെ നാടുകടത്താൻ നിർദിഷ്ട നിയമം അധികാരം നൽകുന്നു. നാടുകടത്തപ്പെടുന്നയാളെ പരമാവധി 30 ദിവസത്തേക്ക് ജയിലിൽ അടക്കാം. നാടുകടത്തൽ പ്രക്രിയക്ക് ആവശ്യമെങ്കിൽ ഇത് നീട്ടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.