നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. വലിയ ഹോട്ടലുകളും ചെറിയ റസ്റ്റാറൻറുകളും പ്രതിസന്ധി നേരിടുന്നു. കുവൈത്തിലെ 42 ഹോട്ടലുകൾക്ക് പ്രതിമാസം 17.8 ദശലക്ഷം ദീനാർ നഷ്ടം നേരിടുന്നതായി ഹോട്ടൽ ഒാണേഴ്സ് യൂനിയൻ ചെയർമാൻ ഗാസി അൽ നഫീസി പറഞ്ഞു. 60 ശതമാനം ഹോട്ടലുകൾ അടച്ചുപൂട്ടുകയോ താൽക്കാലികമായി പ്രവർത്തനം നിർത്തുകയോ ചെയ്തു. കുവൈത്തി ഉടമസ്ഥതയിലുള്ള വലിയ ഹോട്ടലുകളുടെ അവസ്ഥയാണിത്. വിമാന സർവിസ് സാധാരണ നിലയിലാവാത്തതാണ് ഹോട്ടൽ, ടൂറിസം മേഖലയെ തകർത്തത്. ഇത് എന്ന് ശരിയാവുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
കുവൈത്തിലേക്ക് വരുന്നവർക്ക് കുവൈത്തിൽ തന്നെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഹോട്ടൽ ഒാണേഴ്സ് അസോസിയേഷൻ മുന്നോട്ടുവെക്കുന്നു. കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് 34 രാജ്യങ്ങൾക്ക് വിലക്കുണ്ട്. ഇൗ രാജ്യക്കാർ യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചാണ് വരുന്നത്. ഇത് അവിടത്തെ ഹോട്ടൽ, ടൂറിസം മേഖലക്ക് കരുത്തുപകർന്നു. ഇൗ അവസരം തങ്ങൾക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് കുവൈത്തിലെ ഹോട്ടലുകാർ പറയുന്നത്. ഹോട്ടൽ മേഖലയിലെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായി.
സ്ഥാപനങ്ങൾ പിടിച്ചുനിൽക്കാൻ ജീവനക്കാരെ വെട്ടിക്കുറച്ചു. അസംഘടിതരായ മറ്റു ഹോട്ടലുകളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും കൃത്യമായ കണക്ക് ലഭ്യമല്ല.വലിയ പ്രതിസന്ധി നേരിടുന്നതായാണ് ഇൗ രംഗത്തെ വ്യാപാരികൾ പ്രതികരിച്ചത്. വരവും ചെലവും ഒത്തുപോവുന്നില്ല. നഷ്ടം സഹിച്ചും തൊഴിലാളികളെ നിലനിർത്താൻ വേണ്ടിയും ഒരുവിധം മുന്നോട്ടുകൊണ്ടുപോവുകയാണ് പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.