മാക്ബെത്ത് ഒരുങ്ങുന്നു; ‘തനിമ’യുടെ തട്ടകത്തിൽ
text_fieldsകുവൈത്ത് സിറ്റി: നിരവധി വേദികൾ പിന്നിട്ട, വ്യത്യസ്ത പ്രമേയവും ഇതിവൃത്തവും കൊണ്ട് നിരൂപക ശ്രദ്ധ നേടിയ, ഇന്നും ചർച്ചയായ വില്യം ഷേക്സ്പിയറിന്റെ പ്രസ്സ്ത നാടകം ‘മാക്ബെത്തി’ന് കുവൈത്തിൽ അരങ്ങൊരുങ്ങുന്നു. സാമൂഹിക സാംസ്കാരിക സംഘടനയായ തനിമ കുവൈത്താണ് നാടകപ്രേമികൾക്ക് സമ്മാനമായി മാക്ബെത്ത് സമർപ്പിക്കുന്നത്.
തനിമ ജന.കൺവീനറും നാടക സംവിധായകനുമായ ബാബുജിയാണ് മാക്ബെത്ത് അണിയിച്ചൊരുക്കുന്നത്. നാടകത്തിന്റെ 90 ദിവസം നീളുന്ന പരിശീലനകളരിക്ക് തുടക്കമായി. 25ഓളം ആർട്ടിസ്റ്റുകൾ മാക്ബെത്ത്, ലേഡി മാക്ബെത്ത്, ഡങ്കൻ രാജാവ്, മാൽക്കം തുടങ്ങിയ വേഷങ്ങളിൽ അരങ്ങിലെത്തും. നാടകത്തിന് പിന്നണിയിൽ നാൽപതോളം പേരുടെ പ്രയത്നവുമുണ്ട്. പ്രശസ്ത ആർട്ടിസ്റ്റ് സുജാതൻ ആണ് രംഗപടം ഒരുക്കുന്നത്. ലൈറ്റ് ഡിസൈനിങ്ങും മേക്കപ്പ് കോസ്റ്റ്യൂംസും എല്ലാം നാട്ടിൽ നിന്നുള്ള വിദഗ്ധർ കൈകാര്യം ചെയ്യും.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള നാടകം ഏപ്രിൽ 21, 22, 23 തീയതികളിൽ കുവൈത്തിലെ കാണികൾക്ക് മുന്നിൽ അരങ്ങേറും. നാടക ശകലങ്ങൾക്കൊപ്പം കായികക്ഷമത ഉറപ്പാക്കുന്ന പരിശീലന ശൈലിയാണു സ്വീകരിച്ചത്. ദിവസവും രാവിലെയാണ് പരിശീലനക്കരളരി. 90 ദിവസം കൊണ്ട് അഭിനേതാക്കളെ മാക്ബെത്ത് കഥാപാത്രങ്ങളാക്കി മാറ്റാൻ കഴിയുന്ന തരത്തിലാണ് പരിശീലനം.
1603 - 1607 കാലഘട്ടത്തിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്ന വില്യം ഷേക്സ്പിയറിന്റെ ദുരന്ത നാടകമാണ് മാക്ബെത്ത്. സ്കോട്ട്ലൻഡ് രാജാവ് ഡങ്കന്റെ കൊലപാതകവും അതിനെ തുടർന്നുള്ള പരിണത ഫലങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. ശേഷം മാക്ബെത്ത് രാജസ്ഥാനം ഏറ്റെടുക്കുന്നുവെങ്കിലും വിടാതെ പിന്തുടരുന്ന ദുരന്തം അയാളെ അസ്വസഥനാക്കുന്നു. ഒടുക്കം മാക്ബെത്തും കൊല്ലപ്പെടുന്നു. ലേഡി മാക്ബെത്ത് ആത്മഹത്യ ചെയ്യുന്നു.
1611 ഏപ്രിൽ മാസം ‘മാക്ബെത്ത്’ആദ്യമായി അരങ്ങിലെത്തിയതെന്നാണ് സൂചന. ഈ വർഷം ഏപ്രിലിലാണ് തനിമയുടെ നാടകവും അരങ്ങേറുന്നത്. അതിനായി മികവാർന്ന രീതിയിൽ നാടകത്തെ അണിയിച്ചൊരുക്കുന്ന പ്രവർത്തനത്തിലാണ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.