ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹ് പുതിയ പ്രധാനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹിനെ നിയമിച്ചു. തിങ്കളാഴ്ച അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പുതിയ സർക്കാർ രൂപവത്കരിക്കാനും മന്ത്രിമാരെ തിരഞ്ഞെടുക്കാനുമുള്ള ചുമതലയും അമീർ പ്രധാനമന്ത്രിക്കു നൽകി. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ മുൻ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. വൈകാതെ പ്രധാനമന്ത്രി മന്ത്രിമാരെ തിരഞ്ഞെടുക്കുകയും അമീറിനും ദേശീയ അസംബ്ലിക്കും മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുകയും ചെയ്യും. ഈ ആഴ്ച തന്നെ മന്ത്രിസഭ രൂപവത്കരണം നടക്കുമെന്നാണ് സൂചന. നിലവിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും സർക്കാറും കാവൽ മന്ത്രിസഭയായി തുടരുകയാണ്. ഇതോടെ ജനുവരി 19ന് പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് കുറഞ്ഞകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരിൽ ഒരാളായി.
നിരവധി മന്ത്രി പദവികളിൽ മികവ് തെളിയിച്ച വ്യക്തി
1952ൽ ജനിച്ച ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹ് പ്രാഥമിക പഠനം ശർഖിയ സ്കൂളിലും തുടർ പഠനം ലബനാനിലെ അമേരിക്കൻ സ്കൂളിലുമാണ് പൂർത്തിയാക്കിയത്. 1976ൽ ഇല്ലിനോയിസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബാങ്ക് ഫണ്ടിങ്ങിലും നിക്ഷേപത്തിലും ബിരുദം നേടി.
1978 വരെ കുവൈത്തിലെ ഫിനാൻസ് സെന്ററിൽ ജോലി ചെയ്ത ശൈഖ് അഹമ്മദ് പിന്നീട് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിലേക്ക് മാറുകയും അവിടെ 1987 വരെ ജോലി ചെയ്യുകയും ചെയ്തു. 1987 മുതൽ 1998 വരെ ബർഗൻ ബാങ്കിന്റെ ബോർഡ് ചെയർമാനായിരുന്നു. 1999 ജൂലൈയിൽ ധനകാര്യ മന്ത്രിയായും വാർത്താവിനിമയ മന്ത്രിയായും നിയമിതനായി. 2001 ഫെബ്രുവരിയിൽ കമ്യൂണിക്കേഷൻസ് മന്ത്രിയായി നിയമിതനായി.
2003 ജൂലൈയിൽ വാർത്താവിനിമയ മന്ത്രിയായും ആസൂത്രണ മന്ത്രിയായും ഭരണകാര്യ സഹമന്ത്രിയായും ചുമതലയേറ്റു. 2005 ജൂണിൽ ആരോഗ്യ മന്ത്രിയായും ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹ് സേവനം ചെയ്തു. 2009 ഫെബ്രുവരി മുതൽ എണ്ണ മന്ത്രിയായും നിയമിതനായി. കിരീടാവകാശിയുടെ ദീവാനി തലവനായും സേവനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.