ശൈഖ് സബാഹിനെ രക്തദാനത്തിലൂടെ സ്മരിച്ചു
text_fieldsകുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിെൻറ സ്മരണാർഥം മ്യൂസിക് ബീറ്റ്സും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്തും ചേർന്ന് കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിച്ചേർന്ന 125 പേരിൽ 103 പേരാണ് രക്തദാനം നടത്തിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ക്യാമ്പിന് മ്യൂസിക് ബീറ്റ്സ് പ്രവർത്തകരും ബി.ഡി.കെ പ്രവർത്തകരും നേതൃത്വം നൽകി.
ബി.ഡി.കെ പ്രസിഡൻറ് രഘുബാൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഡോ. നസീം പാർക്കർ ഉദ്ഘാടനം നിർവഹിച്ചു. രാജൻ തോട്ടത്തിൽ സ്വാഗതവും ഡോ. ഡെന്നി മാമ്മൻ നന്ദിയും പറഞ്ഞു. നിതിൻ തോട്ടത്തിൽ, സോഫി രാജൻ, ഡോ. നീതു, ജസ്സീന, നോബിൻ ജയകൃഷ്ണൻ, ദീപുചന്ദ്രൻ, നിമിഷ്, വേണുഗോപാൽ, ആർ.ജെ. രാജേഷ്, പ്രവീൺകുമാർ, തോമസ് അടൂർ, മുനീർ, രജീഷ് ലാൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സാക്ഷ്യപത്രം വിതരണം ചെയ്തു.
ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 2020ലെ ആറാമത്തെയും കോവിഡ് കാലത്തെ നാലാമത്തെയും രക്തദാനക്യാമ്പാണ് കഴിഞ്ഞത്. കുവൈത്തിൽ ബി.ഡി.കെ കുവൈത്തിെൻറ സഹകരണത്തോടെ രക്തദാന ക്യാമ്പുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും വ്യക്തികളും 69997588 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ബി.ഡി.കെ അഡ്വൈസറി ബോർഡ് മെംബർ മുരളി എസ്. പണിക്കർ അമീർ അനുസ്മരണ സന്ദേശം നൽകി.
മനുഷ്യത്വപരമായ പരിഗണനയിൽ സ്വദേശിയെന്നോ വിദേശിയെന്നോ വിവേചനം കാണിക്കാതിരുന്ന ഭരണാധികാരിയായിരുന്നു ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹ് എന്നും അദ്ദേഹത്തിെൻറ വേർപാട് കുവൈത്തിൽ ജീവിക്കുന്ന എല്ലാ ജനവിഭാഗത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും യോഗം അനുസ്മരിച്ചു. കൂടുതൽ രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മ്യൂസിക് ബീറ്റ്സ് ഇവൻറ് ഡയറക്ടർ നിതിൻ തോട്ടത്തിൽ പറഞ്ഞു. പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന ബി.ഡി.കെ കുവൈത്ത് മുൻ വൈസ് പ്രസിഡൻറ് മുരളി പീവീസിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.