ശൈഖ് തലാൽ ഫഹദ് അസ്സബാഹ് ഒ.സി.എ പ്രസിഡന്റ്
text_fieldsകുവൈത്ത് സിറ്റി: ശൈഖ് തലാൽ ഫഹദ് അസ്സബാഹിനെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒ.സി.എ) പ്രസിഡന്റായി തിരഞ്ഞെടുത്തു. തായ്ലൻഡിൽ നടന്ന ഒ.സി.എയുടെ പ്ലീനറി സെഷനിലാണ് ശൈഖ് തലാൽ ഫഹദ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത 44 വോട്ടിൽ 24ഉം ഇദ്ദേഹത്തിന് ലഭിച്ചു.
1982 മുതൽ 1990 വരെ പ്രസിഡന്റായിരുന്ന പ്രഥമ ഒ.സി.എ പ്രസിഡന്റ് ശൈഖ് ഫഹദ് അൽ അഹ്മദ് അസ്സബാഹിന്റെ മകനാണ് 58കാരനായ ശൈഖ് തലാൽ ഫഹദ്. നേരത്തേ ഒ.സി.എ റൂൾസ് കമ്മിറ്റി ചെയർമാനായും എക്സിക്യൂട്ടിവ് ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ പദവിയിൽ എത്തിയ ശൈഖ് തലാൽ ഫഹദ് അസ്സബാഹിനെ കുവൈത്ത് ഭരണനേതൃത്വം അഭിനന്ദിച്ചു. കായിക രംഗത്ത് ശൈഖ് തലാൽ ഫഹദ് അസ്സബാഹിന്റെ നേട്ടങ്ങളും സംഭാവനകളും വളരെയധികം വിലമതിക്കപ്പെടുന്നുവെന്നും പുതിയ പദവിയിൽ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ഒ.സി.എ നേതൃത്വത്തിൽ ശൈഖ് തലാൽ ഫഹദ് അസ്സബാഹിന് കൂടുതൽ തിളങ്ങാനാകട്ടെയെന്ന് ആശംസിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും ശൈഖ് തലാൽ ഫഹദിന് അഭിനന്ദന സന്ദേശം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.