'ശ്ലോനിക്' ആപ്പ് കിടുവാണ്; ശ്രദ്ധിച്ചില്ലെങ്കിൽ ആപ്പിലാവും
text_fieldsകുവൈത്ത് സിറ്റി: ക്വാറൻറീനിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ കുവൈത്ത് സർക്കാർ അവതരിപ്പിച്ച 'ശ്ലോനിക്' ആപ്ലിക്കേഷൻ സാേങ്കതിക മേന്മയുള്ളത്. ഒാരോ വ്യക്തിയും മാനദണ്ഡങ്ങൾ അനുസരിച്ച് ക്വാറൻറീനിൽ ഇരിക്കുന്നുവെന്ന് അറിയാൻ ഇതുവഴി ആരോഗ്യ മന്ത്രാലയത്തിന് കഴിയും. വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചെത്തിക്കുന്നവർ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ആരോഗ്യ മന്ത്രാലയത്തിന് ഇവരുടെ കാര്യത്തിൽ മേൽനോട്ടം വഹിക്കാനും ആപ്പ് വഴി സാധിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണുമായി പുറത്തുപോയാൽ മന്ത്രാലയത്തിന് നോട്ടിഫിക്കേഷൻ ലഭിക്കും. ഇനി ഫോൺ വീട്ടിൽ വെച്ച് പുറത്തുപോവുന്നത് പിടിക്കാനായി ഇടക്കിടെ സന്ദേശം അയക്കും.
ഇതിന് മറുപടിയായി സെൽഫി എടുത്ത് അയക്കണം. വൈകിയാൽ ഉദ്യോഗസ്ഥരുടെ വിളിവരും. എവിടെയായിരുന്നുവെന്നും എന്താണ് പ്രതികരിക്കാതിരുന്നതെന്നും വ്യക്തമാക്കാതെ രക്ഷയില്ല. സ്വദേശികൾക്കും വിദേശികൾക്കും കോവിഡുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചികിത്സാ സൗകര്യങ്ങളും അറിയാനും ആപ്ലിക്കേഷൻ സഹായകമാണ്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.
ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തുവെന്ന് ഉറപ്പുവരുത്തിയാണ് വിമാനത്താവളത്തിൽനിന്ന് പുറത്തിറക്കുന്നത്. രോഗ ലക്ഷണമുള്ളവർക്കും കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും ആപ്പ് ഉപയോഗിച്ച് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ടീമുമായി ബന്ധപ്പെടാൻ കഴിയും. ആപ്പിനെ അത്ര ഗൗരവത്തിലെടുക്കാത്തവർക്കെല്ലാം ആരോഗ്യ മന്ത്രാലയത്തിൽനിന്ന് വിളി വന്നിട്ടുണ്ട്. സംഗതി സീരിയസാണെന്നും അതേസമയം സംഭവം സൂപ്പറാണെന്നുമാണ് നാട്ടിൽനിന്ന് എത്തിയവർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.