ഷുവൈഖ് തുറമുഖം പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്തിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ആദ്യഘട്ടം ചൊവ്വാഴ്ച കുവൈത്ത് തുറമുഖ അതോറിറ്റി ഉദ്ഘാടനം ചെയ്തു. 1,330 മീറ്റർ നീളമുള്ള ഇതിന് ഏകദേശം 48.75 ദശലക്ഷം ദീനാർ (ഏകദേശം 160 ദശലക്ഷം യു.എസ് ഡോളർ) ചെലവ് വരും. കൊറിയൻ കമ്പനിയായ ഹ്യുണ്ടായ്, ഗൾഫ് കൺസ്ട്രക്ഷൻ ആൻഡ് മറൈൻ വർക്സ് കമ്പനി എന്നിവയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
36 മാസംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അതോറിറ്റി അറിയിച്ചു. ‘പുതിയ കുവൈത്ത്- 2035’ വികസന പദ്ധതിയിൽ വരുന്ന അതോറിറ്റിയുടെ പ്രധാന പദ്ധതികളിലൊന്നാണ് ഇത്. തുറമുഖത്തിന്റെ പടിഞ്ഞാറൻ ഡോക്കിന്റെ അറ്റകുറ്റപ്പണികളും ഡോക്ക് -8ന്റെ താൽക്കാലികമായി നിർത്തിവെച്ച ഭാഗത്തിന്റെ അറ്റകുറ്റപ്പണികളും ഇതിൽ ഉൾപ്പെടും. ഷുവൈഖ് തുറമുഖത്ത് എത്തുന്ന കപ്പലുകളുടെ എണ്ണം വർധിപ്പിക്കാനും വാണിജ്യ ചരക്ക് കൈമാറ്റത്തിന്റെ വേഗം വർധിപ്പിക്കാനും തുറമുഖ പുനർവികസനം വഴി കഴിയും.
ഇറക്കുമതി ഭക്ഷ്യവിതരണത്തിന്റെ ഒഴുക്ക് കാര്യക്ഷമമാക്കുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിനുമുള്ള മന്ത്രിമാരുടെ കൗൺസിലിന്റെ നിർദേശങ്ങൾക്കും തീരുമാനങ്ങൾക്കും അനുസൃതമായാണ് പദ്ധതി. വികസന പദ്ധതിയുടെ ഭാഗമായി മറ്റ് നാലു പ്രോജക്ടുകൾ രൂപകൽപന ചെയ്യുന്നതിനായി പ്രവർത്തിച്ചുവരുകയാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.