നിയമലംഘനം ആറ് സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകൾക്കെതിരായ നടപടി തുടരുന്നു. ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം നടത്തിയ ആറ് സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. ആവശ്യമായ മെഡിക്കൽ യോഗ്യതയില്ലാത്തവരുടെ നിയമനവും റസിഡന്‍സി ലംഘനം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് ഈ സ്ഥാപനങ്ങൾക്കെതിരായ നടപടി. ആറ് ക്ലിനിക്കുകളിലായി ജോലി ചെയ്തിരുന്ന ഒമ്പതു ഡോക്ടർമാരില്‍ നാലുപേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
അഞ്ചു പേർക്കെതിരെ പിഴ ചുമത്തിയതായും അധികൃതര്‍ അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അവാദിയുടെ നിർദേശത്തെ തുടര്‍ന്നാണ് പരിശോധന കാമ്പയിന് ശക്തമാക്കിയത്. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ നിരവധി ക്ലിനിക്കുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ളവരെ മാത്രമേ ക്ലിനിക്കുകളിലും മെഡിക്കല്‍ സെന്ററുകളിലും നിയമിക്കാന്‍ പാടുള്ളൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.