നിയമക്കുരുക്കിൽ ആറുവർഷം; ശേഷം നാട്ടിലേക്ക്
text_fieldsകുവൈത്ത് സിറ്റി: മറ്റൊരാൾക്ക് ചെയ്ത സഹായത്താൽ നിയമക്കുരുക്കിൽ അകപ്പെട്ട് പ്രയാസപ്പെട്ട യുവതിയെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലേക്കയച്ചു. ആറുവർഷം മുമ്പ് കുവൈത്തിലെത്തിയ എറണാകുളം സ്വദേശിയാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. കൂടെ താമസിക്കുന്ന സുഹൃത്തിന് സിവിൽ ഐ.ഡി ഇല്ലാത്തതിനാൽ ഫോണും നെറ്റും എടുക്കാൻ ഇവർ സ്വന്തം ഐ.ഡി നൽകിയതാണ് ആദ്യ പ്രശ്നത്തിലേക്ക് നയിച്ചത്.
ഫോൺ വാങ്ങിയ തുക അടക്കാതെ സുഹൃത്ത് നാട്ടിൽ പോയി. ഇത് യുവതിക്ക് കുരുക്കായി. പണം അടക്കാൻ ആവശ്യപ്പെട്ട് ഇവർക്ക് യാത്രാവിലക്കും വന്നു. അതിനിടെ അത്യാവശ്യഘട്ടത്തിൽ ചെറിയ തുക ഇവർ പലിശക്കെടുത്തു. അതു കൂടിവരുകയും പാസ്പോർട്ട് തിരികെക്കിട്ടാൻ വീണ്ടും തുക ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ചെറിയ ജോലി ചെയ്തു ജീവിച്ചിരുന്ന യുവതി കടുത്ത പ്രയാസത്തിലായി. ആറു വർഷം മുമ്പ് രണ്ട് വയസ്സുള്ള മകനെ പ്രായമായ അമ്മയുടെ അടുത്താക്കി കുവൈത്തിൽ എത്തിയതാണ്. യാത്രാ വിലക്കുമായി ബന്ധപ്പെട്ട് നാലുകേസുകൾ വന്നു.
ഇതിനിടെ പ്രശ്നത്തിൽ ടീം വെൽഫെയർ ഇടപെടുകയും നീണ്ട ഒരു വർഷത്തെ പരിശ്രമത്തിനുശേഷം ഒരോ കുടുക്കുകളും നികത്തി യാത്രാവിലക്ക് നീക്കുകയുമായിരുന്നു. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ടീം വെൽഫെയർ എടുത്തു നൽകി. എയർപോർട്ടിൽ എത്തി എല്ലാം കഴിഞ്ഞ് ഉള്ളിൽ കയറിയപ്പോൾ ട്രാവൽ ബാൻ, സിസ്റ്റത്തിൽനിന്നും പോയിട്ടില്ലാത്തത് അവസാന നിമിഷം ചെറിയ പ്രയാസം തീർത്തെങ്കിലും ടീം വെൽഫെയർ ഇടപെട്ട് ശരിയാക്കി.
റസീന മുഹയുദ്ദീൻ, ഖലീലുറഹ്മാൻ, രാജേഷ് മാത്യു, അനിയൻ കുഞ്ഞ്, അൻവർ സഈദ്, അഫ്സൽ, അബ്ദുറഹിമാൻ, ഷംസീർ, സഫ്വാൻ, ഷൗക്കത്ത് വളാഞ്ചേരി എന്നിവരുടെ ഇടപെടലാണ് യുവതിക്ക് തണലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.