മസ്ജിദ് സാദിഖ് ചാവേർ സ്ഫോടനത്തിന് ആറുവർഷം: നടുക്കുന്ന ഓർമയിൽ രാജ്യം
text_fieldsകുവൈത്ത് സിറ്റി: രാജ്യം എന്നും ഞെട്ടലോടെയും വേദനയോടെയും ഓർക്കുന്ന ഇമാം സാദിഖ് മസ്ജിദിലെ ചാവേർ സ്ഫോടനത്തിന് ശേഷം ആറു വർഷം പിന്നിടുന്ന വേളയിൽ കൂടുതൽ കരുതലോടെയും ജാഗ്രതയോടെയും കുവൈത്ത്. രാജ്യം നടുങ്ങിയ സ്ഫോടനത്തിൽ 26 പേർ രക്തസാക്ഷികളാവുകയും 227 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015 ജൂൺ 26 വെള്ളിയാഴ്ചയാണ് രാജ്യത്തെയും മേഖലയെയും നടുക്കിയ ചാവേർ സ്ഫോടനമുണ്ടായത്. റമദാൻ ഒമ്പതിന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയവർക്കിടയിൽ ചാവേറായി എത്തിയയാൾ പൊട്ടിത്തെറിക്കുകയായിരുന്നു.
കുവൈത്തിലെ പ്രധാന ശിയാപള്ളിയായ ഇമാം സാദിഖ് മസ്ജിദ് പശ്ചിമേഷ്യയിലെതന്നെ വലിയ ശിയാപള്ളികളിലൊന്നാണ്. സ്ഫോടനസമയത്ത് രണ്ടായിരത്തോളം പേർ പള്ളിയിലുണ്ടായിരുന്നു. സ്ഫോടനം നടന്ന് മിനിറ്റുകൾക്കകം അന്നത്തെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നേരിട്ടെത്തി.
അമീറിെൻറ നിർദേശ പ്രകാരം തൊട്ടടുത്ത ദിവസം മസ്ജിദുൽ കബീറിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി അനുശോചനം സംഘടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ബയാൻ പാലസിൽ പ്രത്യേകം ആദരിച്ചതും സംഭവം നടന്ന് ഒരുവർഷം തികയും മുമ്പ് പള്ളി പുനർനിർമിച്ചു നൽകിയതും വിഭാഗീയതകൾക്ക് ഇടം നൽകാതെ മുന്നോട്ടുപോകാൻ രാജ്യത്തിന് സഹായകമായി.
ഏെറക്കാലമായി വിവിധ ജനവിഭാഗങ്ങൾ പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന രാജ്യത്ത് വിഭാഗീയ സംഘർഷങ്ങളുണ്ടാക്കാനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും പരമാവധി ശിക്ഷ നൽകുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
സുരക്ഷ കർശനമാക്കിയതിനൊപ്പം ശിയാവിഭാഗത്തിന് ആശ്വാസം നൽകുന്ന നടപടികൾക്ക് അമീർ തന്നെ നേരിട്ട് നേതൃത്വം വഹിച്ചത് മികച്ച പ്രതികരമാണുണ്ടാക്കിയത്. രാജ്യത്തെ പ്രമുഖ സുന്നി പള്ളിയായ മസ്ജിദുൽ കബീറിൽ സുന്നി–ശിയ സംയുക്ത ജുമുഅ സംഘടിപ്പിച്ചത് രാജ്യചരിത്രത്തിൽ തന്നെ തുല്യതയില്ലാത്ത മാതൃകയായിരുന്നു. അതോടൊപ്പം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമർപ്പിക്കാൻ മൂന്നു ദിവസം മസ്ജിദുൽ കബീറിൽ അവസരമൊരുക്കുകയും ചെയ്തു.
അന്വേഷണം ഉൗർജിതമാക്കിയ സുരക്ഷാവിഭാഗം അതിവേഗം ചാവേറിനെ തിരിച്ചറിയുകയും മറ്റു പ്രതികളെ പിടികൂടുകയും ചെയ്തു.ഫഹദ് സുലൈമാൻ അബ്ദുൽ മുഹ്സിൻ അൽഗബഇ എന്ന സൗദി പൗരനായിരുന്നു ചാവേർ. സാഹോദര്യവും സഹിഷ്ണുതയും കളിയാടുന്ന രാജ്യമായി കുവൈത്ത് ഇനിയും തുടരും എന്ന പ്രതീക്ഷയിലും പ്രതിജ്ഞയിലും ദുരന്ത സ്മരണ പിന്നിടുകയാണ്.
ദൂരവ്യാപക പ്രത്യാഘാതത്തിനും അവസാനിക്കാത്ത സംഘർഷങ്ങൾക്കും കാരണമാകുമായിരുന്ന സന്ദർഭത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്ത് രാജ്യത്ത് സമാധാന ജീവിതം ഉറപ്പുവരുത്തിയ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ വിയോഗമാണ് ഇത്തവണത്തെ വാർഷിക ദിനത്തിൽ വേദനയാകുന്നത്. കഴിഞ്ഞ സെപ്റ്റംബർ 29നാണ് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്. പുതിയ ഭരണനേതൃത്വവും അദ്ദേഹത്തിെൻറ പാത പിന്തുടർന്ന് കുവൈത്തിനെ ഒരുമയോടെ നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.