സ്മാർട്ട് ട്രാഫിക് ക്യാമറകൾ സുരക്ഷ വർധിപ്പിക്കുമെന്ന് വിലയിരുത്തൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ നിരത്തുകളിലെ സ്മാർട്ട് ട്രാഫിക് ക്യാമറകൾ വാഹനമോടിക്കുന്നവരുടെ സുരക്ഷ വർധിപ്പിക്കുമെന്ന് വിലയിരുത്തൽ. പുതിയ ഉയർന്ന സെൻസിറ്റിവിറ്റി ക്യാമറകൾക്ക് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുൾപ്പെടെ കണ്ടെത്താൻ കഴിയുമെന്ന് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ തൗഹീദ് അൽ കന്ദരി പറഞ്ഞു. ഡ്രൈവിങിനിടെയുള്ള ഫോൺ ഉപയോഗമാണ് അപകടങ്ങളുടെ പ്രധാന കാരണം. വേഗപരിധിയും സിഗ്നലും ലംഘിക്കുന്നതും അനുവദനീയമല്ലാത്ത ഇടങ്ങളിൽ പ്രവേശിക്കുന്നതും കാമറയിൽ പതിയും. കാമറ ഉള്ളത് കാരണം ജാഗ്രതപാലിക്കുന്നതിനാൽ അപകടങ്ങൾ കുറക്കാനും വാഹനങ്ങളെയും യാത്രക്കാരെയും സംരക്ഷിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘനം തടയുന്നതിനും അപകട എണ്ണം കുറയ്ക്കുന്നതിനും കാമറ ഉപയോഗപ്രദമാകുമെന്ന് കുവൈത്ത് സർവകലാശാല നിയമ പ്രൊഫസർ ഡോ. ബദർ അൽ റാജ്ഹി പറഞ്ഞു. നിയമങ്ങൾ പാലിക്കുന്നത് ട്രാഫിക് സുരക്ഷയും റോഡു സുരക്ഷയും ഉറപ്പാക്കുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് പ്രധാന അപകട കാരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുന്നവർ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ധാർമ്മികതയും ഉത്തരവാദിത്തബോധവും പാലിക്കണമെന്ന് സർവകലാശാല നിയമ ഫാക്കൽറ്റിയിലെ ഡോ. അബ്ദുൽ അസീസ് അൽ എനിസി പറഞ്ഞു. ക്യാമറകൾ ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കാനും നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കിടയിൽ ജാഗ്രത ഉണർത്താനും സഹായകമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, നിയമവിരുദ്ധമായ തിരിവുകൾ, പ്രധാന റോഡുകളിൽ തിരികെ വാഹനമോടിക്കുന്നത് എന്നിവ നിരീക്ഷിക്കുന്നതിനായി റോഡുകളിലും പൊതു സ്ഥലങ്ങളിലും നവീന ക്യാമറകൾ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 2022 ജനുവരി മുതൽ നവംബർ അവസാനം വരെ 3.4 ദശലക്ഷം ട്രാഫിക് നിയമ ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. അപകടങ്ങൾ 170 ജീവനുകൾ നഷ്ടപ്പെടുത്തി. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഗതഗത സംവിധാനങ്ങളുടെ വിപുലീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.