റേഷൻസാധനങ്ങളുടെ കടത്ത് പിടികൂടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് റേഷൻ സാധനങ്ങൾ പുറത്തേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി. 4000 കിലോ സാധനങ്ങളാണ് സുലൈബിയ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. കുവൈത്തികൾക്ക് സബ്സിഡി നിരക്കിൽ നൽകുന്ന ഉൽപന്നങ്ങളാണ് കരിഞ്ചന്തയിൽനിന്ന് ശേഖരിച്ച് കയറ്റി അയക്കാൻ ശ്രമിച്ചത്. ട്രക്കിൽ വൻതോതിൽ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമമാണ് സുലൈബിയയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അരി, പഞ്ചസാര, പാൽപ്പൊടി, പയറുവർഗങ്ങൾ തുടങ്ങിയവയാണ് പിടികൂടിയത്. സ്വദേശികൾക്ക് സൗജന്യ നിരക്കിൽ നൽകിവരുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ അനധികൃതമായി സ്വന്തമാക്കി രാജ്യത്തിന് പുറത്തേക്ക് കടത്തുന്ന ലോബി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ ജാഗ്രതയിലാണ്.
സ്വദേശികൾക്ക് സഹകരണ സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന സബ്സിഡി ഉൽപന്നങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതിനെതിരെ വാണിജ്യ മന്ത്രാലയം നടപടികൾ കർശനമാക്കിയിട്ടുണ്ട്. സ്റ്റോറുകളിൽ ദൈനംദിന കണക്കെടുപ്പ്, വിമാനത്താവളങ്ങളിലും അതിർത്തികവാടങ്ങളിലും കർശന നിരീക്ഷണം, നിയമലംഘനത്തിന് ശിക്ഷ കനപ്പിക്കൽ തുടങ്ങിയ നടപടികളിലൂടെ റേഷൻസാധനങ്ങളുടെ കടത്ത് തടയാനാണ് ശ്രമിക്കുന്നത്. സ്വദേശി വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പ്രതിമാസം അനുവദിക്കുന്ന റേഷൻ ഉൽപന്നങ്ങളാണു രാജ്യത്തിനു പുറത്തേക്ക് കടത്തുന്നത്. സബ്സിഡിക്കായി സർക്കാർ വൻതുകയാണ് ചെലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.