സ്വദേശികളിൽനിന്ന് സൗരോർജം വാങ്ങാൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: സ്വദേശികൾ വീടുകൾക്കുമുകളിൽ സ്ഥാപിച്ച സൗരോർജ പാനലുകൾ മുഖേന ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ജല-വൈദ്യുതി മന്ത്രാലയം നീക്കം നടത്തുന്നതായി റിപ്പോർട്ട്. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിെൻറ സഹകരണത്തോടെ മന്ത്രാലയം നടപടികൾ ആരംഭിച്ചതായാണ് വിവരം. ജല-വൈദ്യുതി മന്ത്രാലയത്തിലെ ടെക്നിക്കൽ നിരീക്ഷണ വിഭാഗം മേധാവി എൻജി. ഇഖ്ബാൽ അൽ തയ്യാർ ആണ് ഇക്കാര്യം പുറത്തുവിട്ടത്. സൗരോർജ ഉൽപാദകരിൽനിന്ന് മന്ത്രാലയം നേരിട്ട് വൈദ്യുതി വാങ്ങുന്നതോടെ മറ്റുള്ളവർക്ക് കൂടി ഇത്തരം പദ്ധതികൾ തുടങ്ങാനുള്ള ആവേശവും പ്രോത്സാഹനവും ലഭിക്കും.
ഇത് ഭാവിയിൽ വൈദ്യുതി നിരക്കിൽ കുറവുണ്ടാവാനും ഉപഭോക്താക്കൾക്ക് അനുകൂലമായി മാറാനും വഴിവെക്കുമെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഉപയോഗം കഴിഞ്ഞ് മിച്ചംവരുന്ന വൈദ്യുതി വിൽക്കാനുള്ള സാഹചര്യം ഒരുങ്ങുന്നതോടെ കൂടുതൽ സ്വദേശികൾ ഈ രംഗത്തേക്ക് വരാനിടയുണ്ട്.
അൽ ശഖായയിലെ വൻകിട സൗരോർജ പദ്ധതിയിൽനിന്നുള്ള വൈദ്യുതി വാങ്ങാനും ശാസ്ത്ര ഗവേഷണ കേന്ദ്രവുമായുള്ള കരാറിൽ ഉൾപ്പെടും.
വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ പ്രത്യേക സാങ്കേതിക കമ്പനികളെ മന്ത്രാലയം തന്നെ ഏർപ്പെടുത്തിക്കൊടുക്കുമെന്ന് ഇഖ്ബാൽ അൽ തയ്യാർ പറഞ്ഞു. നിരവധി സ്വദേശികളാണ് സൗരോർജ പദ്ധതികളിലൂടെ തങ്ങൾക്ക് ആവശ്യമായ വൈദ്യുതി സ്വയം ഉൽപാദിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.