കായിക വിലക്ക് നീക്കൽ: ജൂലൈ 10, 11 തീയതികളിൽ കുവൈത്തിൽ പ്രത്യേക യോഗം
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുവൈത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ അടുത്ത മാസം 10, 11 തീയതികളിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കുവൈത്തിൽ പ്രത്യേക യോഗം ചേരും. കായികവിലക്ക് നീക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കുവൈത്ത് സ്പോർട്സ് അതോറിറ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു.
അതിനുള്ള മറുപടിയിലാണ് കുവൈത്തിൽ യോഗംചേരുന്ന കാര്യം ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയത്. വിഷയം ചർച്ച ചെയ്യുന്നതിന് ഒളിമ്പിക് കമ്മിറ്റിക്കു കീഴിലെ പ്രത്യേക സംഘമാണ് കുവൈത്ത് സന്ദർശിക്കുക. സ്പോർട്സ് അതോറിറ്റി മേധാവികൾക്കു പുറമെ ബന്ധപ്പെട്ട സർക്കാർ പ്രതിനിധികളുമായും സംഘം വിശദമായ ചർച്ച നടത്തും. കായികമേഖലയിൽ സർക്കാറിെൻറ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ചാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫിഫയും കുവൈത്തിനെ സസ്പെൻഡ് ചെയ്തത്.
വിലക്കുമൂലം അന്താരാഷ്ട്ര മത്സരവേദികളിൽനിന്ന് മാറ്റിനിർത്തപ്പെട്ട കുവൈത്തിന് റിയോ ഒളിമ്പിക്സിലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ശൈഖ് തലാൽ അൽ ഫഹദിെൻറ കാലത്ത് കുവൈത്തിലെ കായിക സംഘടനകളും സർക്കാറുമായുള്ള പ്രശ്നങ്ങളാണ് കായിക വിലക്കിന് കാരണമായത്. രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) കുവൈത്തിന് ഏർപ്പെടുത്തിയ വിലക്ക് ഡിസംബറിൽ പിൻവലിച്ചിരുന്നു.
കായിക സംഘടനകളുടെ മേൽ സർക്കാർ ഇടപെടില്ല എന്ന് ഉറപ്പുനൽകിയതിെൻറയും ഇതിനനുസൃതമായി രാജ്യത്തെ കായിക നിയമം പൊളിച്ചെഴുതിയതിെൻറയും അടിസ്ഥാനത്തിലാണ് ഫിഫ രണ്ടുവർഷമായി തുടരുന്ന വിലക്ക് നീക്കിയത്. രണ്ടുവർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ കുവൈത്ത് ഫുട്ബാൾ ടീം രാജ്യാന്തര തലത്തിൽ സജീവമാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വൈകാതെ കുവൈത്തിന് മേൽ ഏർപ്പെടുത്തിയ കായിക വിലക്ക് പിൻവലിച്ചേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.