വസന്തകാലമെത്തുന്നു; ഇനി മരുഭൂമിയിൽ രാപാർക്കാം
text_fieldsകുവൈത്ത് സിറ്റി: കൊടും ചൂടിൽനിന്ന് തണുപ്പാർന്ന കാലാവസ്ഥയിലേക്ക് രാജ്യം മാറുന്നതിന് മുന്നോടിയായി സ്പ്രിങ് ക്യാമ്പിങ് സൈറ്റുകൾക്കായുള്ള ഒരുക്കം തുടങ്ങി. ജഹ്റ, അഹമ്മദി ഗവർണറേറ്റുകളിൽ 20 സ്പ്രിങ് ക്യാമ്പിങ് സൈറ്റുകൾക്ക് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നൽകി. നവംബർ 15 മുതൽ 2024 മാർച്ച് 15 വരെയാകും ഈ വർഷത്തെ സ്പ്രിങ് ക്യാമ്പിങ്. ക്യാമ്പിങ് സൈറ്റുകളിൽ ശുചിത്വം നിലനിർത്തുന്നതിന് പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കും. സ്പ്രിങ് ക്യാമ്പ് സൈറ്റുകളിൽ കണ്ടെയ്നറുകൾ, ക്ലീനിങ് സംവിധാനങ്ങൾ, സേവന കേന്ദ്രങ്ങൾ, സുരക്ഷാ പോയന്റുകൾ, സഹകരണ സംഘങ്ങളുടെ ശാഖകൾ എന്നിവയും ഒരുക്കും. ക്യാമ്പുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ബുക്കിങ്ങിനും ലൈസൻസ് നേടാനും മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. രാജ്യത്ത് ശൈത്യകാലത്ത് മിക്ക സ്വദേശികളും മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നത് പതിവാണ്. മിക്ക ആളുകളും കുടുംബത്തോടെ ദിവസം മുഴുവൻ അവിടെ ചെലവഴിക്കുന്നു. പാചകത്തിനും ദിവസങ്ങൾ താമസിക്കാനുമുള്ള സൗകര്യങ്ങളോടെ ക്യാമ്പിൽ എത്തുന്നവരും ഉണ്ട്.
അതിനിടെ, സുബ്ബിയ, കബദ്, അർഹിയ തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ സ്ഥാപിച്ച ക്യാമ്പുകള്‍ നീക്കം ചെയ്യാൻ അധികൃതർ നിർദേശം നല്കി. ഒഴിഞ്ഞില്ലെങ്കിൽ തമ്പ് ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചു നീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം. തമ്പുകള്‍ പൊളിച്ച് നീക്കാത്ത വിദേശികളെ പിഴ ചുമത്തി നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.