രാജ്യത്ത് കൊറോണ ജെ.എൻ1: ആശങ്ക വേണ്ട
text_fieldsകുവൈത്ത് സിറ്റി: കൊറോണ വൈറസിന്റെ ജെ.എൻ.1 വകഭേദം കുവൈത്തിൽ കണ്ടെത്തി. ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും വേരിയന്റുകളുടെ ആവിർഭാവം പ്രതീക്ഷിച്ചിരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വകഭേദങ്ങളും മറ്റ് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് നിരീക്ഷിക്കുന്ന ജനിതക പരിശോധനാ സംഘങ്ങളുടെ പരിശോധനയിലാണ് ജെ.എൻ1 കേസുകളുടെ കണ്ടെത്തൽ.
നിലവിൽ അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും വർഷത്തിലെ ഈ കാലയളവിൽ ശ്വസന രോഗങ്ങൾക്ക് കാരണമാകുന്ന സീസണൽ വൈറസുകൾ പതിവായി കണ്ടുവരുന്നതായും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
രോഗബാധ അനുഭവപ്പെടുന്നവരോട് മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും വൈദ്യോപദേശം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങൾ നിലനിൽക്കുകയോ തീവ്രത കൂടുകയോ ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹെൽത്ത് കമ്യൂണിക്കേഷൻ സെന്റർ ഡയറക്ടർ കൂടിയായ ഡോ. അൽ സനദ് വ്യക്തമാക്കി. ഇൻഫ്ലുവൻസ, ന്യുമോണിയ, കോവിഡ് പ്രതിരോധ കുത്തിവപ്പുകൾ എന്നിവ ആരോഗ്യമന്ത്രാലയത്തിന്റെ രാജ്യത്തെ 42 കേന്ദ്രങ്ങളിൽ ലഭ്യമാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരും വിട്ടുമാറാത്ത രോഗമുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും വാക്സിൻ എടുക്കണമെന്നും അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ ജോലി സമയത്ത് മാസ്ക് ഉപയോഗിക്കണമെന്നും ഡോ. അബ്ദുല്ല അൽ സനദ് നിർദേശിച്ചു.
ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ ഉപവകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്രോണുമായി സാമ്യവുമുള്ളതുമാണ് ജെഎൻ.1. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിട്ടുണ്ട്. ശ്രദ്ധയും മുൻകരുതലുകളും കൊണ്ട് ജെ.എൻ 1 നെ പ്രതിരോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.