റെസിഡൻഷ്യൽ ഏരിയകളിൽ തെരുവ് നായ് ശല്യം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻഷ്യൽ ഏരിയകളിൽ തെരുവ്നായ് ശല്യം വർധിക്കുന്നതായി പരാതി. നടവഴികളും തുറന്ന മൈതാനങ്ങളുമാണ് തെരുവുനായ്ക്കൾ കൈയടക്കിയത്. കോവിഡ് നിയന്ത്രണങ്ങളാൽ ആളുകൾ വീട്ടിലിരിക്കേണ്ടി വന്നപ്പോൾ നിരത്തുകളിൽ നായ്ക്കൾക്ക് സ്വൈര വിഹാരമായിരുന്നു. ഇപ്പോൾ ആളുകൾ പുറത്തിറങ്ങിയപ്പോൾ ഭീഷണി നേരിടുന്നു.
അബ്ദലി, വഫ്ര, കബ്ദ്, സുലൈബിയ തുടങ്ങി കാർഷിക മേഖലകളിൽ നായ് ശല്യം രൂക്ഷമാണ്. മേഖലയിൽ ആട് വളർത്തൽ കേന്ദ്രങ്ങൾക്ക് നായ്ക്കൾ ഭീഷണിയാവുന്നതായാണ് സ്വദേശികളുടെ പരാതി. ചില സ്വദേശികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന നായ്ക്കളെ പിന്നീട് തെരുവിലേക്ക് ഇറക്കി വിടുന്നതും വീടുകളിൽനിന്ന് ഒാടിപ്പോവുന്നതുമാണ് കുവൈത്തിൽ മുൻകാലത്തെ അപേക്ഷിച്ച് ഇൗ പ്രതിഭാസം വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇവയിൽനിന്ന് പ്രത്യുൽപാദനത്തിലൂടെ വ്യാപനമുണ്ടായി. കഴിഞ്ഞ മാസം നിരവധി പേർക്ക് തെരുവ് നായ്ക്കളുടെ ഉപദ്രവമേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ വഴിയാത്രക്കാർക്ക് ഭീഷണിയായതിനെ തുടർന്ന് കാർഷിക മത്സ്യ വിഭവ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവയെ വിഷം കുത്തിവെച്ച് കൊല്ലുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിനെതിരെ മൃഗസ്നേഹികൾ സമരത്തിനിറങ്ങി. മാനുഷിക സേവനത്തിനും ദയക്കും പേരുകേട്ട കുവൈത്തിന് ചേരാത്ത പ്രവൃത്തിയാണ് ജന്തുക്കളെ വിഷം കുത്തിവെച്ച് കൊല്ലുന്നതെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയർത്തി.
ഇറച്ചി മാലിന്യം ഉൾപ്പെടെ റോഡരികിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് നായ്ക്കൾക്ക് സൗകര്യമാവുന്നു. ജഹ്റ വ്യവസായ മേഖലയിൽ തെരുവുനായ്ക്കൾ ഭീഷണിയാവുന്നതായി കർഷകർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.