കുവൈത്തിൽ നിയമം ലംഘിച്ച് വഴിയോര കച്ചവടം ഇപ്പോഴും തകൃതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിയമം ലംഘിച്ച് വഴിയോര കച്ചവടം ഇപ്പോഴും സജീവം. ഹസാവി, അബ്ബാസിയ, ഖൈത്താൻ, മഹബൂല, അബൂഹലീഫ, ഹവല്ലി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ തെരുവുകച്ചവടം സജീവമായി നടക്കുന്നു. കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങളൊന്നും പാലിക്കാതെയാണ് ഇവിടങ്ങളിൽ ആളുകൂടുന്നത്.പഴങ്ങൾ, പച്ചക്കറികൾ, മറ്റു ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് അനധികൃതമായി വഴിയോരത്ത് വിൽക്കുന്നത്. പ്രമുഖ ബ്രാൻഡ് ഉൽപന്നങ്ങളുടെ വ്യാജനും വിൽക്കുന്നു. സൂപ്പർ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, അംഗീകൃത സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവുള്ളതാണ് സാധാരണക്കാരെ ഇവിടേക്ക്ആകർഷിക്കുന്നത്.
തെരുവുകച്ചവടം നടത്തുന്നവരിൽ ഭൂരിഭാഗവും ഗാർഹികത്തൊഴിലാളി വിസയിലുള്ളവരും സ്പോൺസർമാരിൽനിന്ന് ചാടിപ്പോയവരുമാണ്. രാജ്യത്ത് ഇത്തരം വ്യാപാരം നിയമവിരുദ്ധമാണ്.അധികൃതർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ ഇപ്പോൾ പരിശോധന കാര്യമായി നടക്കുന്നില്ല. ജയിലിൽ സ്ഥലമില്ലാത്തതും പരിശോധന നടക്കാത്തതിന് കാരണമാണ്. പൊലീസ് കസ്റ്റഡിയിലും നിരവധി പേരുണ്ട്. പൊലീസ് സ്റ്റേഷനിലും സ്ഥലമില്ലാത്ത അവസ്ഥയുണ്ട്.അതേസമയം, തൊഴിൽ നഷ്ടമായവരും വിസക്കച്ചവടത്തിനും തൊഴിൽ ചൂഷണത്തിനും ഇരയായ പാവപ്പെട്ടവരാണ് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും വഴിയോര കച്ചവടത്തിന് നിർബന്ധിതരാവുന്നതിൽ ഭൂരിഭാഗവും എന്നതും വസ്തുതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.