മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശന നടപടി
text_fieldsകുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിനായി കര്‍ശന നടപടികളുമായി കുവൈത്ത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണ്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതിയുടെ വൈസ് ചെയർമാനാണ് ഹാഷിം അൽ ഖല്ലാഫ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കുവാന്‍ കുവൈത്ത് പ്രതിജ്ഞാബദ്ധരാണ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണവും കരാറുകളും മറ്റ് നടപടികളുടെ സമഗ്രമായ വിവരണവും വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്ന് അൽ ഖല്ലാഫ് പറഞ്ഞു.
സാമൂഹിക അവബോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യേക അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്. 2018-ൽ മന്ത്രിസഭ അംഗീകരിച്ച നിയമനിർമാണ പ്രകാരം മനുഷ്യക്കടത്ത് ചെറുക്കുന്നതിന് ഗൗരവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നു അൽ ഖല്ലാഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ കുവൈത്തില്‍ മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ശിക്ഷ ലഭിക്കും. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത് എന്നിവ തടയുന്നതിനു കുവൈത്തും ഐക്യരാഷ്ട്രസഭയും (യു.എൻ) ഈ മാസം കരാറിൽ ഒപ്പുവെച്ചിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ (ജി.സി.സി) മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ സംബന്ധിച്ച യു.എൻ ഓഫിസിന്റെ പ്രതിനിധിയുമായി കുവൈത്ത് നീതിന്യായ മന്ത്രാലയമാണ് കരാറിൽ ഒപ്പുവച്ചത്. മനുഷ്യക്കടത്തും കുടിയേറ്റ കള്ളക്കടത്തും തടയുന്നതിന് ജി.സി.സിയിലെ യു.എൻ ഓഫിസിന്റെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.