റേഷന്‍ വസ്തുക്കൾ കടത്തിയാൽ ശക്തമായ നടപടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തു നിന്ന് റേഷന്‍-സബ്സിഡി ഭക്ഷ്യവസ്തുക്കൾ പുറത്ത് കൊണ്ടു പോകുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതര്‍. റേഷന്‍ ഉല്പന്നങ്ങള് പലവിധ മാര്‍ഗത്തിലൂടെ പുറത്തേക്ക് പോകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍.
സ്വദേശി കുടുംബംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ വ്യാപകമായ തോതിലാണ് രാജ്യത്ത് മറിച്ചുവില്‍ക്കുന്നത്. പരിശോധന ശക്തമാക്കിയതോടെ റേഷന്‍ സാധനങ്ങള്‍ അനധികൃതമായി വില്പന നടത്തിയ നിരവധി പേരെ പിടികൂടിയിട്ടുണ്ട്.
വിപണിയില്‍ ലഭ്യമായതിനേക്കാള്‍ കുറഞ്ഞ വിലക്ക് പാല്‍പ്പൊടി അടക്കമുള്ള ഭക്ഷ്യ സാധനങ്ങള്‍ ലഭിക്കുന്നതാണ് ഇടത്തരക്കാരായ വിദേശികളെ ഇതില്‍ ആകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ സബ്സിഡി നിരക്കിൽ നല്കുന്ന റേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ വില്പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്.
റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതും അവ വാങ്ങുന്നതും 10 വര്‍ഷം വരെ തടവും 1000 ദിനാര്‍ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്. റേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ മറിച്ചു വില്‍ക്കുന്നത് പിടികൂടാന്‍ പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ, വാണിജ്യ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പ്രവാസികളെ പിടികൂടിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമ നടപടികള്‍ക്ക് വഴിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്ന വാര്‍ത്ത വാണിജ്യ-വ്യവസായ മന്ത്രാലയം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.