ലഹരിക്കെതിരെ ശക്തമായ നടപടി; മയക്കുമരുന്നുമായി അഞ്ചുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടക്കാരെയും വിതരണക്കാരെയും പിടികൂടുന്നതിനുള്ള പരിശോധന തുടരുന്നു. മയക്കുമരുന്നുമായി ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അഞ്ച് പേരെ പിടികൂടി. ഇവരിൽനിന്ന് 40 ലിറിക്ക ഗുളികകൾ, 10 കെമിക്കൽ, 60 ഗ്രാം ഷാബു, 7000 ക്യാപ്റ്റഗൺ ഗുളികകൾ, അഞ്ച് ഗ്രാം ഹെറോയിൻ, ഒരു തോക്ക് എന്നിവ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ രാജ്യത്തേക്ക് കടത്തിയതാണെന്നും ദുരുപയോഗത്തിനും വിൽപനക്കും വേണ്ടിയുള്ളതാണെന്നും പ്രതികൾ സമ്മതിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
മയക്കുമരുന്ന് വിപത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും, യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ശക്തമായി നേരിടുമെന്നും അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് വ്യാപാരികളെയും പ്രമോട്ടർമാരെയും നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ രാവും പകലും പ്രയത്നിക്കുന്നുണ്ടെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും മയക്കുമരുന്ന് കച്ചവടക്കാരെയും വിതരണക്കാരെയും ഉപയോഗിക്കുന്നവരെയും കുറിച്ച് വിവരം ലഭിച്ചാൽ എമർജൻസി ഫോണിലേക്കും (112) ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റിന്റെ ഹോട്ട്ലൈനിലേക്കും (1884141) അറിയിക്കാനും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.