കൃത്രിമ വിലവർധന സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കൃത്രിമ വില വർധന സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. വിലക്കയറ്റം തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലെ മാര്‍ക്കറ്റുകളിലും മന്ത്രാലയത്തിലെ നിരീക്ഷണ സംഘം പര്യടനം നടത്തും. രാജ്യത്തെ പ്രധാന മാര്‍ക്കറ്റായ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ 160 കമേഴ്സ്യൽ സ്റ്റോറുകളില്‍ കഴിഞ്ഞ ദിവസം മോണിറ്ററിങ് ടീം പരിശോധന നടത്തി.
നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ ഉടൻ അടച്ചുപൂട്ടുന്ന തരത്തിലുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഇത്തരത്തില്‍ പിടികൂടുന്ന സ്റ്റോർ ഉടമകളെ കമേഴ്സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വിവിധ ഉൽപന്നങ്ങളുടെ വിലകൾ ഉയർത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒരു രീതിയിലും അനുവദിക്കില്ല. അന്യായമായ വിലവര്‍ധന കണ്ടാല്‍ ഉപഭോക്താക്കള്‍ ഗവർണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രങ്ങൾ വഴിയോ, വാണിജ്യ മന്ത്രാലയം ഹോട്ട്ലൈന്‍ നമ്പര്‍ 135 വഴിയോ 55135135 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
മത്സ്യവില ഉയരുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യ വില ഉയരുന്നു. വെള്ള ആവോലി, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയാണ് ഉയര്‍ന്നത്. സ്വദേശികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന വിഭാഗമാണിത്. വെള്ള ആവോലി കിലോക്ക് 16 ദീനാര്‍ വരെയാണ് കൂടിയത്. സ്വദേശികളുടെ ഇഷ്ട മത്സ്യമായ വെളുത്ത ആവോലി (സുബൈദി) വാങ്ങുന്നതിന് മാർക്കറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ വര്‍ഷം മഴയില്‍ ഉണ്ടായ കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സബ്സിഡിയുള്ള ഡീസൽ നിയന്ത്രണം വന്നതോടെ ബോട്ടുകള്‍ കടലില്‍ പോകാതിരിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതിനിടെ അമിത മത്സ്യവില നിയന്ത്രിക്കാന്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയതായി പ്രാദേശിക പത്രമായ അൽ സെയാസ്സ റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.