മനുഷ്യക്കടത്ത് തടയാൻ ശക്തമായ നടപടി
text_fieldsകുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിനായി കുവൈത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്ത് നീതിന്യായ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി താരിഖ് അൽ അസ്ഫൂർ, ജി.സി.സി അംഗരാജ്യങ്ങളിലെ ഡ്രഗ്സ് ആൻഡ് ക്രൈം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഓഫിസുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.
വ്യക്തികളെയും കുടിയേറ്റക്കാരെയും കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് കരാറെന്ന് മനുഷ്യക്കടത്ത് തടയുന്നതിനായുള്ള സ്ഥിരം ദേശീയ സമിതി ഡെപ്യൂട്ടി ചെയർമാൻ അൽ അസ്ഫൂർ പറഞ്ഞു. വ്യക്തികളെ കടത്തുന്നത് തടയുന്നതിനും ഇരകളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള ഇടപെടലുകൾ നടത്തിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികളുടെ കടത്തും കുടിയേറ്റ കള്ളക്കടത്തും തടയുക, അപകട സാധ്യതകളെക്കുറിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും തൊഴിലുടമകളിലും തൊഴിലാളികളിലും ബോധവത്കരണവും നടത്തിവരുന്നു. വ്യക്തികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഹോട്ട് ലൈൻ: 25589696 എന്ന നമ്പറിൽ വിളിക്കുകയോ MOI.GOV.KUWAIT എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.