റാഫിൾ തട്ടിപ്പിൽ ശക്തമായ നിയമനടപടി -മന്ത്രിസഭ
text_fieldsമന്ത്രിസഭ പ്രതിവാരയോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ റാഫിൾ നടുക്കെടുപ്പിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അവലോകനം ചെയ്ത് മന്ത്രിസഭ. ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഉയർന്നുവന്ന സംശയങ്ങളും വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അബ്ദുല്ല അൽ അജീൽ അൽ അസ്കർ വാണിജ്യ വ്യവസായ മന്ത്രാലയം സ്വീകരിച്ച നടപടികൾ മന്ത്രിസഭയെ അറിയിച്ചു. നടുക്കെടുപ്പിനിടെ ഉയർന്നുവന്ന സംശയങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംഭവം പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയതായി അദ്ദേഹം സൂചിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അന്വേഷണ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും വിശ്വാസം നിലനിർത്താനും നിയമം നടപ്പാക്കാനുമുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ നടപടിക്രമങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുന്ന ഒരു ലംഘനവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമത്വവുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം സ്വീകരിച്ച നടപടികളിൽ മന്ത്രി ഖലീഫ അബ്ദുല്ല അൽ അജിൽ അൽ അസ്കറിന് മന്ത്രിസഭ പിന്തുണ സ്ഥിരീകരിച്ചു. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിസഭ ഉണർത്തി. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
അതിനിടെ, തട്ടിപ്പിൽ പങ്കാളികളായതിനെ തുടർന്ന് ഒരു പൗരനെയും അഞ്ച് പ്രവാസികളെയും കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. വ്യാജ ഔദ്യോഗിക രേഖകൾ ചമക്കൽ, പൊതുപ്രവർത്തകന് കൈക്കൂലി നൽകൽ, സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ, രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങൾക്ക് സാരമായി ദോഷം ചെയ്യുന്ന പ്രധാന കുറ്റകൃത്യങ്ങൾ എന്നിവ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
പ്രതികളുടെ വീടുകളിലും വാഹനങ്ങളിലും നടത്തിയ പരിശോധനയിൽ സ്വർണാഭരണങ്ങൾ, ആഡംബര വാച്ചുകൾ, പണം എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെടുത്തു. ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പുകളുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങിയ രേഖകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
പ്രതികളുടെ പ്രാദേശിക, അന്തർദേശീയ ബാങ്കുകളിലെ ഫണ്ടുകൾ മരവിപ്പിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. എക്സ്ചേഞ്ച് കമ്പനികളിൽനിന്ന് ഇവരുടെ ഇടപാടുകൾ സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് നിരവധി പേരും തട്ടിപ്പിൽ പങ്കാളികളായതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവരിൽ പലരും സംഭവം പുറത്തെത്തിയ ഉടൻ രാജ്യം വിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.