ശക്തമായി അപലപിച്ചു കുവൈത്ത്; ഇസ്രായേൽ കുറ്റകൃത്യങ്ങൾ വംശഹത്യയിലേക്ക് വികസിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കും ലബനാൻ ജനതക്കും നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്.
യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരത്തിൽ കുവൈത്ത് നയതന്ത്ര പ്രതിനിധി സൈനബ് അൽ മൻസൂരിയാണ് നിലപാട് വ്യക്തമാക്കിയത്.
1967 മുതൽ ഫലസ്തീനിലെ സഹോദരങ്ങൾക്കെതിരെ ഇസ്രായേൽ അധിനിവേശ സേന ആസൂത്രിതമായി ആക്രമണങ്ങൾ അഴിച്ചുവിടുന്നു. എന്നാൽ, ഈ കുറ്റകൃത്യങ്ങൾ വംശഹത്യ എന്ന് വിളിക്കാവുന്ന തലത്തിലേക്ക് വികസിച്ചതായും സൈനബ് അൽ മൻസൂരി ചൂണ്ടിക്കാട്ടി.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ റിപ്പോർട്ട് ചർച്ച ചെയ്യുകയായിരുന്നു യു.എൻ ജനറൽ അസംബ്ലി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളും കൂട്ടക്കൊലയും വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും മുഖമുദ്രയാണ്. സാധാരണക്കാരെ നിർബന്ധിത കുടിയൊഴിപ്പിക്കൽ, പട്ടിണി, വൈദ്യസഹായം നിഷേധിക്കൽ, തടവുകാരോടുള്ള പീഡനം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി റിപ്പോർട്ട് ഉദ്ധരിച്ച് മൻസൂരി വ്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തിന്റെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഫലമായാണ് ഇസ്രായേൽ ആക്രമണത്തിന്റെ വ്യാപ്തി ലബനാനിലേക്ക് വ്യാപിച്ചതെന്നും സൈനബ് അൽ മൻസൂരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.