അസംബ്ലി തെരഞ്ഞെടുപ്പ് പത്രിക സമർപ്പണം അവസാനത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് വെള്ളിയാഴ്ച 13 സ്ഥാനാർഥികൾ പത്രിക നൽകി. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളവരുടെ എണ്ണം അഞ്ചു വനിതകൾ അടക്കം 183 ആയി. ഒന്നാം മണ്ഡലത്തിൽനിന്ന് ഒന്ന്, രണ്ടാം മണ്ഡലത്തിൽ ഒന്ന്, മൂന്നാം മണ്ഡലത്തിൽ രണ്ട്, നാലാം മണ്ഡലത്തിൽ നാല്, അഞ്ചാം മണ്ഡലത്തിൽ അഞ്ച് എന്നിങ്ങനെയാണ് വ്യാഴാഴ്ച പത്രിക സമർപ്പിച്ചവർ. ഈ മാസം 14 വരെയാണ് പത്രിക സമർപ്പിക്കാനുള്ള അവസരം. ശനിയാഴ്ച കൂടുതൽ പേർ മത്സര രംഗത്തെത്തുമെന്നാണ് സൂചന.
പിരിച്ചുവിട്ട രണ്ട് അസംബ്ലികളിലെയും അംഗങ്ങളിൽ ഭൂരിപക്ഷവും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ എം.പിമാരായ ഡോ. ഹസൻ ജോഹർ, മുഹൽഹെൽ അൽ മുദാഫ്, അബ്ദുല്ല അൽ മുദാഫ്, മുഹന്നദ് അൽ സയർ എന്നിവർ വ്യാഴാഴ്ച പത്രിക നൽകി. അതേസമയം, മുൻ സ്പീക്കർമാരായ അഹ്മദ് അൽ സദൂൻ, മർസൂഖ് അൽ ഗാനിം എന്നിവർ നിലപാട് അറിയിച്ചിട്ടില്ല. ഞായറാഴ്ചയോടെ മത്സര രംഗത്തുള്ളവരുടെ പൂർണ ചിത്രം തെളിയും. അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.
2022 സെപ്റ്റംബർ 29ലെ തെരഞ്ഞെടുപ്പ് ഭരണഘടന കോടതി അസാധുവാക്കിയതോടെയാണ് രാജ്യം പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഇതിനിടെ, 2020ലെ ദേശീയ അസംബ്ലി കോടതി പുനഃസ്ഥാപിച്ചെങ്കിലും അമീർ പിരിച്ചുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുതിയ തെരഞ്ഞെടുപ്പിലേക്ക് പത്രിക സ്വീകരിക്കൽ ആരംഭിച്ചത്. ജൂൺ ആറിനാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.