ഉച്ചസമയത്തെ പുറംജോലി: 32 കമ്പനികൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന കടുത്ത ചൂട് പരിഗണിച്ച് പ്രഖ്യാപിച്ച ഉച്ചസമയത്തെ പുറംജോലി വിലക്ക് ലംഘിക്കുന്ന കമ്പനികളെ പിടികൂടാൻ മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ 32 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു. കുവൈത്തിെൻറ എല്ലാ ഭാഗങ്ങളിലും മാന്‍പവര്‍ അതോറിറ്റിയുടെ കീഴില്‍ പരിശോധന നടത്തും.
മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തുക. ഈ കാലയളവിൽ രാവിലെ 11 മണി മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക്. നിയമം ലംഘിച്ച് പണിയെടുപ്പിച്ച ഒാരോ തൊഴിലാളിക്കും 100 ദിനാര്‍ വരെ പിഴ ഇൗടാക്കും.
ജനവാസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക നിയമലംഘനങ്ങളും. പെട്രോള്‍ സ്‌റ്റേഷനില്‍ ജോലിചെയ്യുന്നവര്‍, മോട്ടര്‍സൈക്കിളില്‍ ഡെലിവറി നടത്തുന്നവര്‍, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് മാത്രമാണ് തുറന്ന സ്ഥലങ്ങളിലെ ഉച്ചജോലി വിലക്കിൽനിന്ന് ഇളവ് അനുവദിച്ചിട്ടുള്ളതെന്നും മറ്റു മേഖലകളിൽ കുവൈത്തിലെ മുഴുവന്‍ ഭാഗങ്ങളിലും പരിശോധന നടത്തി ഉച്ച സമയത്ത് തൊഴിലിലേര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മാൻപവർ അതോറിറ്റി പബ്ലിക് റിലേഷൻ ഡയറക്ടർ അസീൽ അൽ മസായിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.