രാജ്യം ചുട്ടുപൊള്ളും; ജൂൺ ഏഴു മുതൽ ചൂടേറിയ സീസൺ
text_fieldsകുവൈത്ത് സിറ്റി: രാജ്യം കനത്ത ചൂടിലേക്ക് പ്രവേശിക്കുന്നു. ജൂൺ മുതൽ താപനിലയിൽ ഗണ്യമായ വർധന ഉണ്ടാകും. താപനില ഉയരാൻ തുടങ്ങുന്നതിനാൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ കാലാവസ്ഥ കൂടുതൽ വരണ്ടതായിരിക്കും. ഈ വർഷത്തെ ഏറ്റവും ചൂടേറിയ സീസൺ ജൂൺ ഏഴിന് ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന കാന സീസണിന്റെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന അൽ ബതീൻ മഴക്കാറ്റിലാണ് രാജ്യം ഇപ്പോൾ. ഈ കാലഘട്ടത്തിൽ തീവ്രമായ വേനൽ ചൂടിന്റെ ആരംഭം കുറിക്കും.
ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പലപ്പോഴും പൊടി നിറഞ്ഞ അവസ്ഥക്കും കാരണമാക്കും. താപനില വർധിക്കുന്നതിനാൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ കനത്ത ചൂട് നിലനിൽക്കും. അൽ ബതീൻ സീസണിൽ പകലിന് നീളം കൂടി രാത്രി സമയം കുറയും. പകൽ 13 മണിക്കൂറും 47 മിനുട്ടും വരെ നീളും. സൂര്യാസ്തമയം ഏകദേശം 6.40 നാകുമെന്നും സയന്റിഫിക് സെന്റർ സൂചിപ്പിച്ചു. താപനില ഉയരുന്നതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. കുവൈത്തിനൊപ്പം ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലും താപനില ഉയരുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അഭിപ്രായപ്പെട്ടു.
തീപിടിത്തം നേരിടാൻ ഫയർഫോഴ്സ് കാമ്പയിൻ
കുവൈത്ത് സിറ്റി: വേനൽക്കാലത്ത് വീടുകളിലും വ്യാവസായിക മേഖലകളിലും തീപിടുത്തം കുറക്കുന്നത് ലക്ഷ്യമിട്ട് ജനറൽ ഫയർ ഫോഴ്സ് ‘പ്രിവൻഷൻ ആൻഡ് പ്രൊട്ടക്ഷൻ’ എന്ന പേരിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. മുങ്ങിമരണ സംഭവങ്ങൾ ഒഴിവാക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
സൈനിക സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, പൗരന്മാരും പ്രവാസികളും താമസിക്കുന്ന പാർപ്പിട സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ബോധവത്കരണ പരിപാടികൾ കാമ്പയിനിന്റെ ഭാഗമാണ്. സ്മോക്ക് ഡിറ്റക്ടറുകൾ, അഗ്നിശമന ഉപകരണങ്ങൾ തുടങ്ങി അഗ്നി സുരക്ഷക്ക് ആവശ്യമായ ഉപകരണങ്ങൾ സ്വയം സജ്ജീകരിക്കാൻ സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അഗ്നി സുരക്ഷ ഉപകരണങ്ങൾ പരിപാലിക്കാനും അഭ്യർഥിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.