അന്ധവിശ്വാസവും അനാചാരങ്ങളും പുറന്തള്ളണം -കെ.കെ. ശൈലജ എം.എൽ.എ
text_fieldsകുവൈത്ത് സിറ്റി: അന്ധവിശ്വാസം, അനാചാരം പോലുള്ള സാമൂഹിക തിന്മകളെ പൂർണമായി പുറന്തള്ളാന്‍ കേരളത്തിന് സാധിക്കേണ്ടതുണ്ടെന്ന് കെ.കെ. ശൈലജ എം.എൽ.എ. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് 'മാനവീയം-2022' എന്ന പേരില്‍ ഒരുക്കിയ മെഗാ സാംസ്‌കാരിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാമൂഹിക പ്രശ്നങ്ങളെ വിമർശനാത്മക രീതിയിൽ ഇടപെട്ട് ഇതിനെതിരെ കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കണം. ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങി നിരവധി മേഖലകളില്‍ കേരളം ലോകത്തെ വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുമ്പോഴാണ് ഈ അവസ്ഥ.
പോഷകാഹാരം, കഴിവിനനുസരിച്ച് ജോലി, തുല്യവേതനം, സമാധാനപരമായ ജീവിതം എന്നിവയെല്ലാം സമൂഹത്തിന്റെ എല്ലാ തട്ടിലും അനുഭവവേദ്യമാകണമെന്നും അവർ പറഞ്ഞു.കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. ലോക കേരളസഭാംഗം ആർ. നാഗനാഥൻ, പരിപാടിയുടെ പ്രധാന പ്രായോജകരായ ബി.ഇ.സി കൺട്രി മാനേജർ മാത്യു വർഗീസ്, മുഹമ്മദ് അക്ബർ (ഫ്ലൈ വേൾഡ്), വനിതവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി സെക്രട്ടറി അനന്തിക ദിലീപ് എന്നിവർ സംസാരിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ. ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. സുവനീർ പ്രകാശനം കെ.കെ. ശൈലജ മുഖ്യ സ്‌പോൺസർമാർക്ക് നൽകി നിർവഹിച്ചു.
സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും മുഖപത്രമായ കൈത്തിരിയുടെ പ്രകാശനവും നടന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കല കുവൈത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി.കെ. സൈജുവിന് സ്നേഹോപഹാരം കൈമാറി. കല കുവൈത്ത് ട്രഷറർ അജ്നാസ്, വൈസ് പ്രസിഡന്റ് ശൈമേഷ്, ജോയന്റ് സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അനുപ് മാങ്ങാട് നന്ദി പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികള്‍, കണ്ണൂർ ഷെരിഫ്, ജാസി ഗിഫ്റ്റ്, പ്രസീത ചാലക്കുടി, ആഷിമ മനോജ്, അനൂപ് കോവളം എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗാനസന്ധ്യ എന്നിവ ആകർഷകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.