ജനക്ഷേമ, പ്രവാസി സൗഹൃദ ഭരണത്തിന് പിന്തുണ നൽകുക
text_fieldsഎൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത് 54,245 കോടി രൂപയാണ്. ചരിത്രത്തിൽ ഏറ്റവും കൂടിയ തുകയാണിത്. ഇതിൽ 33,758.5 കോടി രൂപ തദ്ദേശ സ്ഥാപനങ്ങളുടെ നട്ടെല്ലായ വികസന ഫണ്ടാണ്. ബജറ്റിൽ വികസനഫണ്ട് 25 ശതമാനമായി സർക്കാർ ഉയർത്തിയിരുന്നു. ഫണ്ട് കൂടുതൽ ലഭിച്ചതോടെ ലൈഫ്, സുഭിക്ഷകേരളം, 12 ഇന പദ്ധതികൾ തുടങ്ങിയവക്ക് പ്രത്യേക പരിഗണന നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കായിട്ടുണ്ട്.
ഉൽപാദന വർധനക്ക് പ്രത്യേക പരിഗണനയാണ് തദ്ദേശ സ്ഥാപനങ്ങൾ നൽകിയത്. ഇതിനായി വികസനഫണ്ട് ചെലവഴിക്കുന്നതിൽ സർക്കാർ മാറ്റം വരുത്തി. ഇതുവഴി സമൂഹത്തിലെ ഏറ്റവും ദുർബലർക്കാണ് സഹായം ലഭിച്ചത്. പ്രകടന പത്രികയിലുള്ളത് പാലിക്കാനുള്ളതാണോ എന്ന് ചോദിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിെൻറ വക്താക്കൾക്കുള്ള മറുപടിയാണ് 2016-20 കാലത്തെ ഇടതു ഭരണം.
നടപ്പാക്കിയ പദ്ധതികളുടെ പട്ടിക എണ്ണിപ്പറഞ്ഞ്, ജനങ്ങൾക്കുമുന്നിൽ ഓരോ വർഷത്തെയും പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ച് ആർജവത്തോടെയാണ് ഇടതുമുന്നണി മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ വലതുപക്ഷ ശക്തികളൊന്നിച്ചുനിന്നുകൊണ്ടുള്ള കേരളത്തിലെ വികസനങ്ങൾക്ക് തടയിടാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. പുത്തൻ വിദ്യാലയ കെട്ടിടങ്ങളും ഹൈടെക് ക്ലാസ് മുറികളും ഹൈടെക് റേഷൻ കടകളും സൗജന്യ കിറ്റുകളും അധുനിക രീതിയിൽ നിർമിച്ച പുത്തൻ റോഡുകളും പാലങ്ങളും മികച്ച സൗകര്യങ്ങളോടുകൂടിയ ആശുപത്രികളുമെല്ലാം സാധ്യമാക്കി.
സാമൂഹികക്ഷേമ പെൻഷൻ ജനുവരി മുതൽ 1500 രൂപയാക്കുമെന്നാണ് വാഗ്ദാനം. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ പെൻഷൻ രണ്ടു വർഷം കുടിശ്ശികയായിരുന്നു. ഇപ്പോൾ അതതു മാസത്തെ പെൻഷൻ അതതു മാസം ലഭിക്കും. 100 രൂപയിൽനിന്നും പെൻഷൻ 1500 രൂപയായി വർധിക്കുമ്പോൾ അതിൽ 1200 രൂപയും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. ഇതൊന്നു മാത്രം മതി, പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമത്തോടുള്ള ഇരുമുന്നണികളുടെയും സമീപനം മനസ്സിലാക്കാൻ.
സൗജന്യ കോവിഡ് ചികിത്സ, വോൾട്ടേജ് ക്ഷാമം ഒഴിവാക്കി മുടങ്ങാത്ത വൈദുതി, എല്ലാവർക്കും വീട് എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികൾ എന്നിവയെല്ലാം നേട്ടങ്ങളാണ്.
ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായം, സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിന് നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി നടപ്പാക്കിയ നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം, നോർക്ക ഡിപ്പാർട്മെൻറ് പ്രോജക്റ്റ് ഫോർ റിട്ടേൺ എമിഗ്രൻറ്സിെൻറ സാമ്പത്തിക സഹായ പദ്ധതി, ചീഫ് മിനിസ്റ്റേഴ്സ് എൻറർപ്രണർഷിപ് ഡെവലപ്മെൻറ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും നൽകുന്ന സംയുക്ത വായ്പ പദ്ധതി, പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം, തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ലൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി, കേരള പ്രവാസി വെൽഫെയർ ബോർഡിൽനിന്ന് അർഹരായ എല്ലാവർക്കും എല്ലാ മാസവും ആദ്യംതന്നെ നൽകുന്ന പെൻഷൻ, മരണാനന്തര, ചികിത്സ, വിവാഹ, വിദ്യാഭ്യാസ, പ്രസവ ധന സഹായങ്ങൾ, പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ആറുമാസത്തേക്ക് പിഴയും പലിശയും ഒഴിവാക്കിയ നടപടി എന്നിവയെല്ലാം ഇടതുസർക്കാറിെൻറ പ്രവാസികളോടുള്ള കരുതലിന് ഉദാഹരണങ്ങളാണ്.അതുകൊണ്ടുതന്നെ സാധാരണക്കാരും പ്രവാസികളും അവരുടെ ബന്ധുക്കളും ഇടതുമുന്നണി സ്ഥാനാർഥികൾക്ക് പിന്തുണ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.