Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗഹൃദത്തിന്റെ മധുരവും...

സൗഹൃദത്തിന്റെ മധുരവും പായസവും...

text_fields
bookmark_border
സൗഹൃദത്തിന്റെ മധുരവും പായസവും...
cancel
camera_alt

പ്രജോദ് ഉണ്ണി പ്രസിഡന്റ് ഗാന്ധിസ്മൃതി 

അടിമത്വത്തിന്റെയും അധിനിവേശത്തിന്റെയും ഉരുക്കുവേലിക്കെട്ടുകൾ തകർത്ത് നമ്മൾ നമ്മളാൽ വേലികെട്ടി സംരക്ഷിക്കേണ്ട സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നിട്ട് 75 വർഷം കഴിഞ്ഞിരിക്കുന്നു. ആഘോഷത്തിന്റെ ഈ ഘട്ടത്തിൽ നമ്മുടെ ധീരരക്തസാക്ഷികളെ, സ്വാതന്ത്ര്യസമര പോരാളികളെ മനസ്സാ നമിക്കുന്നു. നാമിന്ന് നേടിയതെല്ലാം അവരുടെ ത്യാഗപ്രവർത്തനങ്ങൾകൊണ്ട് മാത്രമാണ്.

കണ്ണൂർ ജില്ലയിലെ എടക്കാട് പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചിറക്കുതാഴ (ഇപ്പോൾ കണ്ണൂർ കോർപറേഷന്റെ ഭാഗം). അവിടെ അഞ്ചാംക്ലാസിൽ പഠിക്കുന്ന കാലത്തെ സ്വാതന്ത്ര്യദിനാഘോഷം ഓർമയിൽ ഇപ്പോഴുമുണ്ട്. സദാനന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു അത്. കുരുത്തോലകളും പൂക്കളുംകൊണ്ട് സ്കൂൾ അലങ്കരിച്ചു. ചിലർ ക്ലാസ് റൂം വൃത്തിയാക്കലിലും അലങ്കാരപ്പണിയിലും വ്യാപൃതരായപ്പോൾ ഞങ്ങൾ ചിലർ പായസം ഉണ്ടാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഗോപാലേട്ടന്റെ വീട്ടിൽനിന്ന് തേങ്ങയും കുമാരൻ മാസ്റ്ററുടെ വീട്ടിൽനിന്ന് അരിയും എടുക്കാൻ കുറച്ചുപേർ പോയിട്ടുണ്ട്. വിറക് അടുത്ത വീട്ടിൽനിന്ന് കൊടുത്തു. തേങ്ങ ചിരകലും അരി കഴുകലും ഒക്കെയായി മേളംതന്നെ ആയിരുന്നു.

ആഘോഷമായി പായസം അടുപ്പത്തുവെച്ചു. ദേശീയഗാനവും പതാക ഉയർത്തലും സദാനന്ദൻ മാസ്റ്ററുടെ പ്രസംഗവും കഴിയുമ്പോഴേക്കും പായസം തിളച്ചു. എല്ലാവരും നല്ലത് പറഞ്ഞതോടെ നമ്മുടെ മനസ്സും നിറഞ്ഞു.

വർഷങ്ങൾ പലതും കഴിഞ്ഞെങ്കിലും മുന്നിൽ ഇന്നും എന്റെ പഴയ സ്കൂളും അന്നത്തെ ആഘോഷവും നിറഞ്ഞു നിൽക്കുന്നു. ആ പഴയ കൂട്ടായ്മകൾ, സ്നേഹം, നമ്മളിൽ വേർതിരിവുകൾ ഇല്ലെന്ന ബോധം എല്ലാം മനസ്സിലേക്കെത്തുന്നു. എത്ര മനോഹരമായിരുന്നു അന്നത്തെ കാലം. പണ്ട് എന്റെ വീടിന്റെ അടുത്തുള്ള കദീശുമ്മയുടെ മകളുടെ മകനായ സെയ്ത് അവന്റെ ഉപ്പയുടെ അടി പേടിച്ചോടി വരുന്നത് എന്റെ അമ്മയുടെ അടുത്താണ്. ''തങ്കമ്മാ ഉപ്പ എന്നെ അടിക്കും''എന്ന് പരിഭവം പറയുമ്പോൾ, അവനെ സ്നേഹത്തോടെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കുകയും കുരുത്തക്കേട് കാണിച്ചതിനു ശാസിക്കുകയും അവന്റെ ഉപ്പയോട്‌ ക്ഷമിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്ന അമ്മയുടെ മുഖം ഇന്നും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു.

നോമ്പുകാലത്ത് അൽത്താഫിന്റെ വീട്ടിൽ പോയതും അവന്റെ ഉമ്മയും പെങ്ങളും ഉണ്ടാക്കുന്ന നോമ്പുതുറ വിഭവങ്ങൾ കഴിച്ചതും ഇന്നും ഓർമയിലുണ്ട്. കോളജിൽ പഠിക്കുന്ന കാലത്ത് കുരുത്തോല പെരുന്നാളിന് റാണി ജയ് സ്കൂളിന്റെ അടുത്തുള്ള പള്ളിയിൽ പോയതും എല്ലാം ഇന്നും ഓർമയിലുണ്ട്. ജനങ്ങളിൽ വിഭാഗീയതയുടെ ചിന്ത ഒരുതരിപോലും ഇല്ലാത്ത കാലമായിരുന്നു അത്. ഇന്ന് വികലമായ ചിന്താധാരകൾ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കാൻ ശ്രമിക്കുകയാണ്.

ജാതിമത വിഭാഗീയ ചിന്തകളില്ലാതെ നമ്മൾ പടുത്തുയർത്തിയ ഇന്ത്യയെ തകർക്കാൻ വിട്ടുകൊടുക്കില്ല എന്ന പ്രതിജ്ഞ ഈ ഘട്ടത്തിൽ നമുക്ക് പുതുക്കാം. ആർക്കും തകർക്കാൻപറ്റാത്ത സൗഹാർദത്തിന്റെ കോട്ടകൾ നമുക്ക് പണിയാം. ഇന്ത്യ, ഇന്ത്യയായി നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ജീവിതംതന്നെ സന്ദേശമാക്കിയ മഹാത്മാവിന്റെ മണ്ണിനെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. അപ്പോഴേ നമ്മുടെ സ്വാതന്ത്ര്യം മധുരിക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence daykuwait newskuwait
News Summary - Sweetness and stew of friendship...
Next Story