സിറിയ, തുർക്കി ഭൂകമ്പം സംഭാവന കാമ്പയിൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: സിറിയ, തുർക്കിയ എന്നിവിടങ്ങളിൽ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സംഭാവനകൾ സ്വീകരിക്കുന്നതിനായി കുവൈത്ത് പ്രത്യേക ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു. ‘കുവൈത്ത് ബൈ യുവർ സൈഡ്’ എന്ന പേരിലാണ് കാമ്പയിൻ. ഭൂകമ്പത്തിൽ ആഘാതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും തുർക്കിയ, സിറിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഇത് സഹായിക്കുമെന്ന് സാമൂഹികകാര്യ, വികസന മന്ത്രി മാഗി അൽ ബാഗ്ലി പറഞ്ഞു. വിദേശകാര്യ, വിവര മന്ത്രാലയങ്ങളുടെ സഹകരണം കാമ്പയിന് ഉണ്ട്.
ശനിയാഴ്ച ഉച്ചക്ക് 12 മുതൽ ആരംഭിച്ച സംഭാവനകൾ സ്വീകരിക്കൽ അർധരാത്രി വരെ തുടർന്നു. സിറിയയെയും തുർക്കിയയെയും സഹായിക്കുന്നതിനു സംഭാവന ചെയ്യുന്നതിനായി 30 കുവൈത്ത് ചാരിറ്റികളിൽനിന്നും ഏജൻസികളിൽ നിന്നുമുള്ള അപേക്ഷകൾ സാമൂഹികകാര്യ മന്ത്രാലയം അംഗീകരിച്ചതായി ചൊവ്വാഴ്ച അൽ ബാഗ്ലി വ്യക്തമാക്കിയിരുന്നു.
അതേസമയം, തുർക്കിയക്കും സിറിയക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കുവൈത്ത് മൂന്നു കോടി യു.എസ് ഡോളർ കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കും 1.5 കോടി യു.എസ് ഡോളർ വീതമാണ് പ്രഖ്യാപിച്ചത്. വടക്കൻ സിറിയയിലെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) 50 ലക്ഷം യു.എസ് ഡോളറിന്റെ അന്താരാഷ്ട്ര സഹകരണ കരാറിൽ ഒപ്പുവെച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.