നിയമലംഘകരെ പിടികൂടാനുള്ള ശ്രമം ഊർജിതപ്പെടുത്തുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള ശ്രമം ഊർജിതപ്പെടുത്തുന്നു. പിടികൂടുന്നവരെ നാടുകടത്താനുള്ള നടപടികളും വേഗത്തിലാക്കും. ഇതിന്റെ ഭാഗമായി താമസനിയമങ്ങൾ ലംഘിച്ചതിന് പിടികൂടുന്ന പ്രവാസികളെ, ഉപയോഗിക്കാത്ത രണ്ട് സ്കൂളുകളിൽ പാർപ്പിക്കാൻ തീരുമാനമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ജലീബ് അൽ ഷുയൂഖിലെയും ഖൈത്താനിലെയും ഉപയോഗിക്കാത്ത രണ്ട് സ്കൂളുകൾ തടങ്കൽ ഇടങ്ങളാക്കി മാറ്റുമെന്നാണ് റിപ്പോർട്ട്.
പൊലീസ് സെല്ലുകളുടെയും നാടുകടത്തൽ കേന്ദ്രങ്ങളുടെയും ഭാരം ലഘൂകരിക്കൽ ലക്ഷ്യമിട്ടാണ് സ്കൂളുകളെ ഇത്തരം കേന്ദ്രമാക്കി മാറ്റുന്നത്. ഇതിനായി ഇവിടെ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. നാടുകടത്തൽ നടപടികൾ ത്വരിതപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
നിയമലംഘകരെ പിടികൂടുന്നതിനായി വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും സൂചനയുണ്ട്. ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ, ഫർവാനിയ, മഹ്ബൂല, അംഘാറ, മസ്റ, ജവാഖിർ തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ പട്രോളിങ് വർധിപ്പിക്കുമെന്നാണ് സൂചന. ദിവസങ്ങളായി രാജ്യത്തെ പല മേഖലകളിലും പരിശോധനകൾ നടന്നുവരുകയാണ്. രാജ്യത്ത് ഏകദേശം 150,000 താമസ നിയമലംഘകരുണ്ടെന്ന് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും സമഗ്രമായ പദ്ധതി ആവിഷ്കരിക്കാൻ സുരക്ഷാ നേതാക്കൾക്ക് നിർദേശം നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നിയമലംഘകരെ സഹായിക്കുന്ന വിദേശ പൗരന്മാരെയും നാടുകടത്തും. നിയമലംഘനങ്ങൾക്ക് പ്രേരിപ്പിക്കുന്ന സ്ഥാപനങ്ങളും നിയമ നടപടികൾ നേരിടേണ്ടിവരും. നിയമലംഘകർക്ക് അഭയം നൽകുകയോ മറച്ചുവെക്കുകയോ ചെയ്യുന്നവരും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.