വേനൽക്കാലം അവസാന ഘട്ടത്തിലേക്ക്; ഈ മാസം കൂടി സഹിക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ കൊടുംചൂടിൽ തിളപ്പിച്ച വേനൽക്കാലം അവസാനത്തിലേക്ക്. ഈ മാസം 11ന് ക്ലെബിൻ സീസണിന്റെ പ്രവേശനത്തോടെ രാജ്യത്തെ വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
വേനല്‍ക്കാലത്തെ അവസാന സീസണാണ് ക്ലെബിൻ സീസൺ. ഈ സീസൺ അവസാനിക്കുന്നതോടെ രാജ്യത്ത് ചൂടിന്റെ കാഠിന്യം അവസാനിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. എന്നാൽ, ഈ സീസണിൽ ചൂട് ഉയർന്ന നിലയിലെത്തും. തീവ്രമായ ചൂടാണ് ഈ സീസണിന്റെ സവിശേഷത. അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുമെന്നും കാലാവസ്ഥകേന്ദ്രം പറഞ്ഞു. ക്ലെബിൻ സീസൺ 13 ദിവസം നീണ്ടുനിൽക്കും. തെക്ക്, തെക്കുകിഴക്കൻ കാറ്റ് വീശുന്നതോടെ അന്തരീക്ഷ താപനിലയിലും കുറവുണ്ടാകും. സെപ്റ്റംബറോടെ ചൂട് കുറഞ്ഞുതുടങ്ങും.
അതിനിടെ, രാജ്യത്ത് കനത്ത ചൂടിനെ തുടർന്ന് പ്രതിദിന വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു. ഉപഭോഗത്തിൽ റെക്കോഡ് വർധനയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 16,852 മെഗാവാട്ട് പ്രതിദിന വൈദ്യുതിയാണ് ഉപയോഗിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വൈദ്യുതി തടസ്സപ്പെട്ട പ്രദേശങ്ങളില്‍ പുനഃ സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ പല ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സാഹചര്യം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകളെടുക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.