വരുന്നത് പൊള്ളും ദിനങ്ങൾ; ഇനിയും ചൂട് കൂടും
text_fieldsകുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ രാജ്യത്ത് ചൂട് കനക്കും. പകൽ സമയത്തെ ഉയർന്ന ചൂടും ഈർപ്പവും രാത്രിയും തുടരും. ഇന്ത്യൻ മൺസൂണിന്റെ ന്യൂനമർദത്തിന്റെ വ്യാപനവും വേഗമേറിയ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതും രാജ്യത്തെ ബാധിച്ചതായി കാലാവസ്ഥ കേന്ദ്രം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
നിലവില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശരാശരി 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തുന്നുണ്ട്. വാരാന്ത്യത്തിൽ പകൽ സമയത്ത് ചൂട് കൂടുതലായിരിക്കും. 40 കിലോമീറ്റർ വരെ വേഗത്തില്‍ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് പൊടി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കൂടിയ താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. മേയ് അവസാനം മുതൽ രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച 53 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുകയുണ്ടായി. ആഗസ്റ്റ് അവസാനം വരെ ഇതേനില തുടരുമെന്നാണ് സൂചന.
ജൂൺ, ജൂലെ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്ന രാജ്യമാണ് കുവൈത്ത്. കനത്ത ചൂട് കണക്കിലെടുത്ത് ആഗസ്റ്റ് അവസാനം വരെ പുറം ജോലികൾക്ക് നിയന്ത്രണമുണ്ട്. അതേസമയം, ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും വർധിച്ചു. തീപിടിത്തക്കേസുകളും കൂടി. സെപ്റ്റംബർ അവസാനത്തോടെ രാജ്യം മിതമായ കാലാവസ്ഥയിലേക്ക് മാറുകയും ഡിസംബറോടെ ശൈത്യകാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.