ഇന്ന് താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താം
text_fieldsകുവൈത്ത് സിറ്റി: വരുംദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. വെള്ളിയാഴ്ച താപനില 52 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും സൂചനയുണ്ട്. കനത്ത ചൂടിനൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. മണിക്കൂറിൽ എട്ടു മുതൽ 42 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് പൊടിപടലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കടൽ നേരിയതോ മിതമായതോ ആയിരിക്കും. തിരമാലകൾ രണ്ടു മുതൽ ആറ് അടി വരെ ഉയരും.
രാത്രിയും കനത്ത ചൂട് തുടരും. ശനിയാഴ്ചയും ഉയർന്ന താപനില 50 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു. കാറ്റും പൊടിപടലത്തിനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രി 32-35 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ഈ മാസം 16 മുതൽ രണ്ടാം ജെമിനി സീസണിന്റെ തുടക്കമായിട്ടുണ്ട്. 13 ദിവസം നീണ്ടുനിൽക്കുന്ന ജെമിനി സീസണുകളുടെ രണ്ടാം കാലഘട്ടമാണ് ഏറ്റവും ചൂടേറിയ കാലഘട്ടമായി കണക്കാക്കുന്നത്. കൊടുംചൂടും ചൂടുള്ള വടക്കൻ കാറ്റും ഉള്ളതിനാൽ ഇത് ‘അഹുറ വേനൽ’ എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ഈ സീസണിൽ രാത്രിയിൽപോലും ശക്തമായ ചൂടും കാറ്റും നിലനിൽക്കും. പകൽ 13 മണിക്കൂറും 36 മിനിറ്റും, രാത്രി 10 മണിക്കൂറും 24 മിനിറ്റും എന്നിങ്ങനെ ദിവസം മാറും.
പൊള്ളുംവേനലിലൂടെയാകും വരുംദിവസം രാജ്യം കടന്നുപോകുക എന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. വരുംദിവസങ്ങളിൽ ചൂടുതരംഗം തീവ്രമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങൾക്കാകും രാജ്യം സാക്ഷിയാകുക. താപനില 48-52 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
സൂര്യാഘാതം, ക്ഷീണം, തീവ്രമായ ചൂടിൽനിന്നും വരൾച്ചയിൽനിന്നും ഉണ്ടാകുന്ന അഗ്നി അപകടങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉണർത്തി. ഈ കാലയളവിൽ ജാഗ്രതയും ശ്രദ്ധയും നിലനിർത്തുന്നത് സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ അത്യാവശ്യമാണ്. കടുത്ത ചൂടിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ അധികൃതരും പൊതു ജനങ്ങളോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.